തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ ജനങ്ങള്‍ക്കുണ്ടായ വൈകാരികമായ അമര്‍ഷവും പ്രതിഷേധവുമാണ് പാലായിലെ തോല്‍വിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തര്‍ക്കം വോട്ടര്‍മാരെ കോപാകുലരാക്കി. തോല്‍വി രാഷ്‌ട്രീയമായ ജനവിധി അല്ല. തമ്മില്‍തല്ല് ജനങ്ങളോടുള്ള പരിഹാസമാണ്. ജനങ്ങള്‍ അത് പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിജയത്തില്‍ എല്‍.ഡി.എഫിന് ഒരു മേനിയും നടിക്കാനില്ല. പാലായില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു. സി.പി.എം ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും വരാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വന്‍വിജയം നേടുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
പാലായിലേത് യു.ഡി.എഫിന്‍റെ പരാജയമല്ലെന്നും മുന്നണിയിലെ നേതാക്കൾ ഒറ്റക്കെട്ടായി നില്‍ക്കാത്തതില്‍ ജനങ്ങൾ നല്‍കിയ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാലായിലേത് അപ്രതീക്ഷിത ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും എവിടെയാണ് വീഴ്ചപറ്റിയെതെന്ന് കണ്ടെത്തി തിരുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തോൽവിക്ക് കാരണമായോയെന്ന് യു.ഡി.എഫ് പരിശോധിക്കും. പരാജയത്തിൽ പതറാതെ യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തോറ്റതിന്‍റെ കാരണം യു.ഡി.എഫ് പഠിക്കണമെന്നും മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങൾ ജോസ് ലംഘിച്ചെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. രണ്ടില ചിഹ്നമില്ലാത്തത് തോല്‍വിക്ക് കാരണമായി. പാർട്ടി ഭരണഘടന ലംഘിച്ച് ജോസ് കെ. മാണി ചെയർമാനാകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മത്സരിക്കാന്‍ ജയസാധ്യതയുള്ളവരെ കണ്ടെത്തിയില്ലെന്നും തോല്‍വിയില്‍ ദുഃഖമുണ്ടെന്നും ജോസഫ് പറഞ്ഞു.