തിരുവനന്തപുരം: കുട്ടനാട് സീറ്റ് തർക്കം പരിഹരിക്കാൻ ജോസ് കെ.മാണി, പി.ജെ.ജോസഫ് എന്നിവരുമായി യുഡിഎഫ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ച പൂർത്തിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മാര്‍ച്ച് പത്തിന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. വിജയ സാധ്യതക്കാണ് കുട്ടനാട്ടിൽ മുൻതൂക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും യുഡിഎഫ് യോഗത്തിൽ ശുഭവാർത്ത കേൾക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുട്ടനാട് സീറ്റ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച പൂർത്തിയായി - ഉമ്മൻ ചാണ്ടി
മാര്‍ച്ച് പത്തിന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും യുഡിഎഫ് യോഗത്തിൽ ശുഭവാർത്ത കേൾക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി വ്യക്തമാക്കി. കുട്ടനാട് സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തന്നെ മത്സരിക്കുമെന്നായിരുന്നു പി.ജെ.ജോസഫിന്‍റെ പ്രതികരണം. വിജയസാധ്യത തങ്ങൾക്ക് തന്നെയെന്നാണ് പാർട്ടി വിലയിരുത്തൽ. ഇത് യുഡിഎഫും വിലയിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.