തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നവ കേരള സദസിനു (Navakerala Sadas)) ബദലായി യുഡിഎഫ് ഇന്ന് തുടങ്ങിയ കുറ്റ വിചാരണ സദസില്‍ സര്‍ക്കാരിനെതിരെ 41 ആരോപണങ്ങളുമായി 37 പേജുള്ള കുറ്റപത്രം (UDF Chargesheet against LDF Government). വിലക്കയറ്റം, നികുതിക്കൊള്ള, വൈദ്യുതി ചാര്‍ജ്, വെള്ളക്കര വര്‍ധന, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, ലൈഫ് മിഷന്‍ തട്ടിപ്പ്, എഐ കാമറ അഴിമതി, കൊവിഡ് കാല കൊള്ള, സ്വര്‍ണക്കടത്ത്, വൈദ്യുതി വാങ്ങല്‍ കരാര്‍ അഴിമതി എന്നിവയടക്കം നിരവധി ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുകയാണ് കേരളത്തിലെ ജന ജീവിതം എന്ന് കുറ്റപത്രം ആരോപിക്കുന്നു. ജനദ്രോഹ നയങ്ങളില്‍ ഒന്നാമതാവാന്‍ നരേന്ദ്ര മോദിയും (Narendra Modi) പിണറായിയും മത്സരിക്കുന്നു. ഈ സര്‍ക്കാരിന്‍റെ കയ്യൊപ്പുള്ള ഒരു പദ്ധതി പോലുമില്ല. പരാജയപ്പെട്ട കെ-റെയില്‍ (K Rail) അല്ലാതെ പിണറായിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ പോലുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (Oommen Chandy Government) നടപ്പാക്കിയ കാരുണ്യ, കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ അടക്കമുള്ള എല്ലാ പദ്ധതികളും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങള്‍
സംസ്ഥാന ഖജനാവ് കാലിയായി:സംസ്ഥാനം കടുത്ത ധന പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ശ്രീലങ്കയലിലേതിന് സമാനമായ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സംസ്ഥാനത്ത് 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായി. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് അനുകൂലമായ ജിഎസ്‌ടി നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടും നികുതി പിരിവ് ഊര്‍ജിതമാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. നികുതി വെട്ടിപ്പു കണ്ടെത്തേണ്ട ഉദ്യോഗസ്ഥരെ ധൂര്‍ത്തടി മേളകളുടെ പണപ്പിരിവുകാരാക്കി മാറ്റിയിരിക്കുന്നു. ഐജിഎസ്‌ടി നികുതി ചോര്‍ച്ച തടയുന്നതിലും സ്വര്‍ണത്തില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും നികുതി പിരിക്കുന്നതിലും വന്‍ വീഴ്‌ച വരുത്തി. സര്‍ക്കാരിന്‍റെ പിടിപ്പുകേടു മൂലം ഐജിഎസ്‌ടി ഇനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 25000 കോടിയുടെ നഷ്‌ടം സംഭവിച്ചു. സ്വര്‍ണത്തില്‍ നിന്നും ബാറുകളുടെ നികുതിയില്‍ നിന്നും പ്രതിവര്‍ഷം നഷ്‌ടപ്പെടുത്തുന്നത് 50000 കോടി രൂപയാണ്. കേന്ദ്ര ധനകാര്യ കമ്മിഷന്‍റെ നികുതി വിഭജനത്തിലെ അപാകതയ്ക്കും, കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ യുഡിഎഫ് ശക്തമായി രംഗത്തു വന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് കുറ്റ പത്രം പറയുന്നു.