കേരളം

kerala

ETV Bharat / state

യുഎപിഎ അറസ്റ്റ്; സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സിപിഎം - uapa students arrest cpim gives support

അറസ്റ്റ് ചെയ്‌ത രണ്ട് പേരും തീവ്ര ഇടതുപക്ഷ നിലപാടുമായി ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗം വിലയിരുത്തി.

യുഎപിഎ അറസ്റ്റ്

By

Published : Nov 8, 2019, 4:25 PM IST

തിരുവനന്തപുരം: കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും പൂര്‍ണ പിന്തുണയുമായി സിപിഎം. സംഭവത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പാര്‍ട്ടി ബ്രാഞ്ച് മെമ്പര്‍മാരായ ഇരുവര്‍ക്കുമെതിരായ നടപടി സംബന്ധിച്ച് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ തീരുമാനമായി.

ഇരുവരും തീവ്ര ഇടതുപക്ഷ നിലപാടുമായി ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗം വിലയിരുത്തി. മാത്രമല്ല ഈ ഘട്ടത്തില്‍ യുഎപിഎ പിന്‍വലിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയോ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് സിപിഎം ഭയക്കുന്നു. ഇത് സര്‍ക്കാരിന് കൂടുതല്‍ നാണക്കേടുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. ഇനി യുഎപിഎ സമിതിയുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ച് അവിടെ നിന്ന് അനുകൂല സമീപനം ഉണ്ടാകട്ടെയെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം. അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തെ സിപിഐ ശക്തമായി എതിര്‍ക്കുകയാണ്.

നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് യുഎപിഎ ചുമത്തി വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അറസ്റ്റ് ചെയ്‌തത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവര്‍ക്കുമെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details