തിരുവനന്തപുരം : മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താത്‌കാലിക അറബിക് അധ്യാപികയായ ബുഷ്‌റയ്ക്ക് ഇത് ചാരിതാര്‍ഥ്യത്തിന്‍റെ നിമിഷങ്ങളാണ് (Type 1 Diabetes in SCERT text book after Bushra s fight). ടൈപ്പ് വണ്‍ പ്രമേഹം സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനവുമായി ഭര്‍ത്താവ് ശിഹാബിനൊപ്പം ബുഷ്‌റ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫിസുകള്‍ കയറിയിറങ്ങിയത് ഒന്നും രണ്ടുമല്ല, മൂന്ന് വര്‍ഷത്തിലധികമാണ്. ലക്ഷ്യം കാണാതെ ഈ ഉദ്യമത്തില്‍ നിന്ന് താന്‍ പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന ഉറച്ച തീരുമാനത്തില്‍ ബുഷ്‌റ മുന്നോട്ടു നീങ്ങി. സ്വന്തം കണ്‍മുന്നിലെ അനുഭവമാണ് ബുഷ്‌റയെ ഇങ്ങനെയൊരുദ്യമത്തിന് പ്രേരിപ്പിച്ചത്.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച നാലാം ക്ലാസുകാരനായ മകന്‍ ഇഷാനുല്‍ ഹഖിന്‍റെ ദുരിത ജീവിതം ബുഷ്റയെന്ന മാതാവിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രോഗബാധിതരായ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്‌കൂളില്‍ നിന്നാകണം ബോധവത്കരണം തുടങ്ങേണ്ടതെന്ന ഉറച്ച ബോധ്യം ബുഷ്‌റയ്ക്കുണ്ടായിരുന്നു. ബുഷ്‌റയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ കേരള സര്‍ക്കാരിന്‍റെ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ടൈപ്പ് വണ്‍ പ്രമേഹവും ഇടം പിടിക്കുകയാണ് (Bushra a teacher fight to including Type 1 Diabetes in text book).