തിരുവനന്തപുരം : പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം ഏര്‍പ്പെടുത്തുന്നതിന് നടപ്പാക്കിയ പദ്ധതിയില്‍ അഴിമതി നടത്തിയെന്ന കുറ്റത്തിന് എസ്.സി, എസ്.ടി മുന്‍ ഡയറക്‌ടര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി 2 വര്‍ഷം തടവും 1,10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എസ്.സി, എസ്.ടി മുന്‍ ഡയറക്‌ടറും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എ.ജെ രാജന്‍, മുന്‍ ഫിനാന്‍സ് ഓഫിസര്‍ എന്‍. ശ്രീകുമാര്‍, മുന്‍ പട്ടിക ജാതി വികസന വകുപ്പ് ഡി.ഡി.ഒ സത്യദേവന്‍, വര്‍ക്കല മുന്‍ എസ്.സി ഡവലപ്‌മെന്‍റ് ഓഫിസര്‍ സി. സുരേന്ദ്രന്‍, വര്‍ക്കല പൂര്‍ണ സ്‌കൂള്‍ ഓഫ് ഐ.ടി പ്രൊപ്രൈറ്റര്‍ സുകുമാരന്‍ എന്നിവരെയാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്‌ജി പി. ഗോപകുമാര്‍ ശിക്ഷിച്ചത്.
ഒന്നുമുതല്‍ 5വരെ പ്രതികള്‍ക്ക് തടവിന് പുറമെ 1,10,000 രൂപ വീതവും അഞ്ചാം പ്രതിക്ക് തടവും 90,000 രൂപയുമാണ് ശിക്ഷ. 2002-2003 കാലയളവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്കായി തെരഞ്ഞെടുത്ത സ്ഥാപനത്തിന് സര്‍ക്കാര്‍ അംഗീകാരമില്ലാതിരുന്നിട്ടും തെറ്റായ രീതിയില്‍ ആ സ്ഥാപനത്തെ തെരഞ്ഞെടുത്തു. അതിനായി ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചനയും നടത്തി.