ബൈക്കിൽ കറങ്ങി സ്‌ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ തിരുവനന്തപുരം: ബൈക്കിൽ കറങ്ങി സ്‌ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസില്‍ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഏതാനും ദിവസങ്ങളായി ശ്രീകാര്യം സ്‌റ്റേഷൻ പരിധിയിലെ കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പൊലീസ് പിടിയിലായത്.
പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍: നേരത്തെ കേസുകൾ ഇല്ലാത്തതിനാൽ പ്രതികളിലേക്ക് എത്താൻ പൊലീസ് നന്നായി കഷ്‌ടപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളിലെ 250ല്‍ പരം സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വ്യാജ നമ്പർ ഉപയോഗിച്ച് ബൈക്കിൽ എത്തി മാല പൊട്ടിച്ച ശേഷം വാഹനത്തിന്‍റെ നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത മോഷണം നടത്തുന്നത്.
പ്രായമായ സ്‌ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്. പ്രതികൾ രണ്ട് പേരും ബന്ധുക്കളാണ്.
സംഭവത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ശ്രീകാര്യം പൊലീസ് ഇൻസ്പെകടർ കെ ആർ ബിജു, എസ് ഐ ബിനോദ് കുമാർ, എസ് ഐ എം പ്രശാന്ത്, സി പി ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെർഷ ഖാൻ വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
അടച്ചിട്ട വീട്ടില്‍ കവര്‍ച്ച:കാസര്‍കോട് ബദിയഡുക്കയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 37 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ച്ച നടന്ന സംഭവവും അടുത്തിടെയാണ് നടന്നത്. പള്ളത്തുടക്ക നിഷ മന്‍സിലില്‍ അബ്‌ദുള്‍ റസാഖിന്‍റെ വീട്ടിലായിരുന്നു മോഷണം നടന്നത്. മോഷ്‌ടാക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് വീടിനുള്ളിലേക്ക് കടന്നത്.
കുടുംബാംഗങ്ങളില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തില്‍ പൊലീസും വിരലടയാള വിഗദ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ ബന്ധു വീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്നത് വീട്ടിലെ അലമാരയ്‌ക്കുള്ളിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീടുകളുടെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തുന്ന മോഷ്‌ടാവിനെ പൊലീസ് പിടികൂടിയിരുന്നു.
പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്‌ടാവ് പിടിയില്‍:കാഞ്ഞങ്ങാട് സ്വദേശിയായ ആസിഫാണ് പൊലീസ് പിടിയിലായത്. ചീമേനി എസ് ഐ കെ അജിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാളെ പിടികൂടിയത്. ആളില്ലാത്ത വീട്ടില്‍ പൂട്ട് പൊളിച്ച അകത്ത് കയറി സ്വര്‍ണവും പണവും ഇയാള്‍ മോഷ്‌ടിച്ചിരുന്നു.
ഇതേതുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇയാളെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനെ പൊലീസ് തയ്യാറാക്കുകയായിരുന്നു. ശേഷം, ഊര്‍ജിതമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.