തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. 27-ാം പ്രതി വിപിൻദാസ് 25-ാം പ്രതി ഗണേഷ് എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ബിഎംഎസ് പ്രവർത്തകനായ മനോജിനെ 2012 ഫെബ്രുവരി 12നാണ് ഒരു സംഘം ആളുകള്‍ വീട്ടിൽ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ സിബിഐ സമ്മർദ്ദത്തിലാക്കി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ - Payyoli Manoj murder case latest news
കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്‌തത്

പ്രതികളിൽ വിപിൻദാസിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്‌തു. ഗണേഷിനെ നാളെ കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷയും സിബിഐ നാളെ നൽകും. സിപിഎം പയ്യോളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 27 പ്രതികളാണ് കേസിലുള്ളത്. ഒരു പ്രതി കൂടിയാണ് കേസിൽ ഇനി അറസ്റ്റിലാകാനുള്ളത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണനാണ് കേസന്വേഷിക്കുന്നത്.