തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹും മൂന്നാം പ്രതി അപ്പുണ്ണിയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 201 തെളിവ് നശിപ്പിക്കല്‍, 449 അതിക്രമിച്ചുകയറല്‍, 302 കൊലപാതകം (ഗൂഢാലോചന), 326 മാരകായുധം ഉപയോഗിച്ച് കൊലപാതകം, ആംസ് ആക്ട് 27(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
കേസിലെ നാല് മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതേവിട്ടു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് സത്താര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ കൂറുമാറിയ ഒന്നാം സാക്ഷി കുട്ടനെതിരെ കോടതി കേസ് എടുത്തില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പതിനഞ്ചാം സാക്ഷിയായ മനോജിനെതിരെ കോടതി സ്വമേധയ കേസെടുത്തു. കേസിലെ പ്രതികള്‍ക്ക് വാഹനങ്ങള്‍ സംഘടിപ്പിച്ച് നല്‍കിയതിനാണ് മനോജിനെതിരെ കേസെടുത്തത്.
2018 മാര്‍ച്ച് 26നാണ് മടവൂരിലെ സ്റ്റുഡിയോയില്‍ വച്ച് റേഡിയോ ജോക്കിയായ രാജേഷിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. 2018 ജൂലൈ 2 നാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഒന്നാം പ്രതി സത്താറിന്‍റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി ഖത്തറിലുണ്ടായിരുന്ന വേളയില്‍ രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നേപ്പാള്‍ വഴി കേരളത്തിലെത്തിയ സത്താര്‍ ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ച് കൊലപാതകം നടത്തുകയായിരുന്നു. സത്താറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രണ്ടാം പ്രതി മുഹമ്മദ് സാലിഹിന്‍റെ സഹായത്തോടെയാണ് സംഘത്തെ ഒരുമിപ്പിച്ചതും കൊലപാതകം നടത്തിയതും. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.