തിരുവനന്തപുരം : പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ നടപടി എടുക്കുമെന്നും തെളിവുകൾ ശേഖരിക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ് വൈകിയതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. (TVM Commissioner on Rahul Mamkootathil Arrest)
അറസ്‌റ്റ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടമാണ്. അത് എങ്ങനെ എവിടെ വേണമെന്നൊക്കെ പൊലീസ് തീരുമാനിക്കും. അനാവശ്യമായി ലോ ആൻഡ് ഓർഡർ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതിയായ കേസിലാണ് അറസ്‌റ്റ്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് ഇരട്ട നീതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു (Opposition on Rahul Mamkootathil Arrest).
നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും മർദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇത് അക്രമാസക്തമായതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു (Youth Congress Protest).