തിരുവനന്തപുരം: വട്ടിയൂർക്കാവിന് സമീപത്തെ കാഞ്ഞിരംപാറ ഹരേ കൃഷ്‌ണ ഫ്യൂവൽസിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരോട് പമ്പ് ജീവനക്കാർ പേര് ചോദിക്കും. ശ്രീജേഷ് എന്നാണ് പേരെങ്കിൽ 101 രൂപയ്ക്ക് ഇന്ധനം സൗജന്യമായി നൽകും. 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യക്ക് ലഭിച്ച വെങ്കല മെഡലിലെ മലയാളി സാന്നിധ്യമായ പി.ആർ ശ്രീജേഷിനുള്ള ആദരവായിട്ടാണ് ശ്രീജേഷുമാർക്ക് സൗജന്യ ഇന്ധനം നൽകാൻ പമ്പുടമ സുരേഷ് കുമാറിൻ്റെ തീരുമാനം.
ഒളിമ്പിക് മെഡല്‍ ഓഫറുമായി കാഞ്ഞിരംപാറയിലെ പെട്രോൾ പമ്പ് ഓഫർ പരിമിതം, ശ്രീജേഷുമാരും പരിമിതം
ബുധനാഴ്ചയാണ് ശ്രീജേഷുമാർക്ക് ഹരേ കൃഷ്‌ണ ഫ്യൂവൽസിൽ നിന്ന് സൗജന്യ ഇന്ധനം നൽകിത്തുടങ്ങിയത്. ഈ പേരുകാർക്ക് തലസ്ഥാനത്ത്
ക്ഷാമം ഉണ്ടെന്നാണ് പമ്പ് ജീവനക്കാരുടെ അനുഭവം. രണ്ടു ദിവസത്തിനിടെ ആകെ എത്തിയത് മൂന്നു പേർ മാത്രം.
പമ്പിൽ എത്തുന്ന ശ്രീജേഷുമാർ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. എങ്കിൽ മാത്രമേ സൗജന്യ ഇന്ധനം ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 31 വരെയാണ് ഓഫർ. ഒരേ വ്യക്തിക്ക് ഒരാഴ്‌ചക്ക് ശേഷം വീണ്ടും 101 രൂപയ്ക്ക് ഇന്ധനം സൗജന്യം വാങ്ങാം.
ശ്രീജേഷുമാർക്കുള്ള പ്രത്യേക ഓഫർ പമ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും തീവിലയുള്ള കാലത്ത് ഒളിമ്പ്യൻ ശ്രീജേഷിൻ്റെ പേരിലുള്ള ഈ സേവനം പരമാവധി പേരിൽ എത്തിക്കാനാണ് പമ്പുടമയുടെ തീരുമാനം. അതുകൊണ്ടുതന്നെ കാഞ്ഞിരംപാറയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഹരേ കൃഷ്‌ണ ഫ്യൂവൽസിലേക്ക് ശ്രീജേഷുമാർക്ക് സ്വാഗതം.
Also Read: ഒളിമ്പിക്‌സ് സ്വർണനേട്ടം ആഘോഷിക്കാനായി 'നീരജ്'മാർക്ക് സൗജന്യ പെട്രോൾ നൽകി ഗുജറാത്തിലെ പമ്പുടമ