തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ രണ്ടാഴ്‌ച പിന്നിടുമ്പോൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വഴിയോര കച്ചവടം നടത്തി ഉപജീവനം തേടിയിരുന്നവരുടെ ജീവിതം ദുരിതത്തില്‍. പാതയോരത്ത് പഴങ്ങളും പച്ചക്കറികളും പത്രമാസികകളും വിറ്റിരുന്നവർ ലോക് ഡൗണിന് ശേഷം എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്.
ലോക് ഡൗണില്‍ വഴിമുട്ടി വഴിയോര കച്ചവടക്കാര്‍ - സാമ്പത്തിക പ്രതിസന്ധി
ലോക് ഡൗണിന് ശേഷമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകുമെന്ന് ആശങ്ക.
സമരങ്ങളുടെയും സത്യാഗ്രഹങ്ങളുടെയും വേദിയായ സെക്രട്ടേറിയറ്റിന് മുൻവശത്തും എംജി റോഡിലുമെല്ലാം പൊലീസിന്‍റെ പരിശോധനാ കേന്ദ്രങ്ങൾ മാത്രം. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനും പരിസരവും വിജനമാണ്. നടപ്പാതകളിൽ കച്ചവടം നടത്തിയിരുന്നവരുടെ തട്ടുകളും മറ്റും അവശേഷിപ്പുകൾ പോലെ നഗരത്തിന്‍റെ പല ഭാഗത്തും കാണാം. ലോക് ഡൗണിനെ തുടർന്ന് നഗരമൊഴിഞ്ഞതോടെ ദിനപത്രങ്ങളും മാസികകളും വാങ്ങാൻ പോലും ആളില്ലാതായി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ സൗജന്യ റേഷൻ നൽകുന്നതിനാൽ പട്ടിണിയില്ലാതെ ഇവരുടെ ലോക് ഡൗൺ കാലം കഴിയും. എന്നാൽ അതിനുശേഷമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകുമെന്ന ആശങ്കയിലാണിവർ.