തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറും ആരോപണ വിധേയമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. സർക്കാരിന് എതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്ക് എതിരെ പ്രമേയവും കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടു വരുന്നത് അത്യപൂര്‍വമാണ്. കേസിലെ മൂന്നാം പ്രതിയായ സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നും അതുവഴി സ്‌പീക്കര്‍ പദവി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
2004ല്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെതിരെ അന്നത്തെ സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നീക്കം ചെയ്യല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കർക്ക് എതിരെ ഇത്തരത്തിലുള്ള പ്രമേയം വീണ്ടും കൊണ്ടു വരുന്നത്. ഭരണ ഘടനയുടെ 179(സി) അനുച്ഛേദം അനുസരിച്ചാണ് സ്പീക്കര്‍ക്കെതിരായ പതിപക്ഷത്തിന്‍റെ നീക്കം ചെയ്യല്‍ പ്രമേയം. സ്‌പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്. നോട്ടീസ് സ്പീക്കര്‍ പരിഗണിക്കുമ്പോള്‍ സഭയില്‍ ഹാജരായിട്ടുള്ള 20 അംഗങ്ങള്‍ പിന്താങ്ങണം. നോട്ടീസ് സഭ പരിഗണിച്ച ശേഷം പത്ത് ദിവസത്തിനുള്ളില്‍ ചർച്ചയ്ക്ക് എടുക്കണമെന്നാണ് ചട്ടം.