കൊവിഡ് ചികിത്സയ്ക്കിടെ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു - തിരുവനന്തപുരം മെഡിക്കല്‍ കോളജ്
14:38 June 10
ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം തിരികെ എത്തിച്ച ആനാട് സ്വദേശി ഉണ്ണിയാണ് തൂങ്ങി മരിച്ചത്.
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം തിരികെ എത്തിച്ച ആനാട് പുലിപ്പാറ സ്വദേശി ഉണ്ണി (33) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാനിരിക്കയാണ് ആത്മഹത്യ. രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയിലെ കൊവിഡ് ഐസോലേഷൻ വാർഡിലായിരുന്നു സംഭവം. ഡിസ്‌ചാർജിന് ശേഷം വീട്ടിലെത്തി കഴിക്കാനുള്ള ഗുളിക കുറിച്ച് നല്‍കാൻ എത്തിയ നഴ്‌സാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടത്. തുടർന്ന് തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു. അപസ്മാരം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഇയാൾ മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥതയിൽ ആയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നാണ് ഇയാളെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനിച്ചത്.