തിരുവനന്തപുരം:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സിപിഎം. കൊലപാതകത്തിന് പിന്നിലെ പ്രതികളെയും ഗൂഢാലോചനയും പുറത്തു കൊണ്ടുവരാൻ കേരള പൊലീസിന് കഴിയുമെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇക്കാര്യത്തിൽ സിബിഐക്കാൾ മികവ് കേരള പൊലീസിനുണ്ട്. കൊലപാതകത്തിൽ പ്രതികളാകാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കെ.പി.സി.സിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ചങ്ങാത്തത്തിന്‍റെ വിയർപ്പ് ഗന്ധം ഈ ആവശ്യത്തിൽ പരക്കുന്നുണ്ട് എന്നും കോടിയേരി ലേഖനത്തിൽ ആരോപിക്കുന്നു. കൊലക്കേസിൽ പ്രതികളായവരുടെ കോൺഗ്രസ് ബന്ധം പുറത്തു വന്നിട്ടും പ്രതികളെ പരസ്യമായി സംരക്ഷിക്കുകയാണ് കെ.പി.സി.സി നേതൃത്വം.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം കരുതിക്കൂട്ടി നടത്തിയ കൊലപാതകത്തിൽ വക്രീകരിച്ചു പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും നടത്തുന്നത്. വനിതാ നേതാവിന്‍റെ വീട് മകനെ കൊണ്ട് ആക്രമിച്ച ശേഷം മാർക്സിസ്റ്റ് ആക്രമണമെന്ന വ്യാജ കഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയുടെ ഒത്താശയോടെന്നും കോടിയേരി ലേഖനത്തിൽ വിമർശിക്കുന്നു.
ചട്ടം ലംഘിച്ച് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ച് ഫയൽ മരവിപ്പിക്കാനും ഫയൽ വിവരങ്ങൾ ചോർത്താനും കെ.പി.സി.സി പ്രസിഡന്‍റ് നടത്തിയ ഇടപെടലുകൾ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. വരുന്ന തദേശ തെരഞ്ഞെടുപ്പിനേയും നിയസഭ തെരഞ്ഞെടുപ്പിനെയും ഭയക്കുന്നത് കൊണ്ടാണ് ഇത്. സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പത്തികളാക്കാനുള്ള ശ്രമം ജീവനക്കാർ തള്ളുമെന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കുന്നു.