കേരളം

kerala

ETV Bharat / state

indian Coffee house: അനന്തപുരിക്ക് പറയാനുള്ള കഥകളത്രയും ഇവിടെയുണ്ട്.. ഒരു കോഫിക്ക് ഓർഡർ ചെയ്‌താലത് കേൾക്കാം...

പ്രതിസന്ധികളെ നേരിട്ട് തൊഴിലാളികൾ സൃഷ്‌ടിച്ചെടുത്ത ഇന്ത്യൻ കോഫി ഹൗസ് എന്ന പ്രസ്ഥാനത്തിന് തോല്‍ക്കാനാകില്ലല്ലോ... സ്റ്റാച്യുവിന് സമീപം വാൻറോസ് ജംഗ്‌ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. അതേ രുചി, അതേ ജീവനക്കാർ, അതേ കോഫി ഹൗസ്...പുതിയ സ്ഥലത്ത് ഒരു വർഷം പിന്നിടുമ്പോൾ കോഫി ഹൗസ് സൃഷ്‌ടിച്ച കൂട്ടായ്‌മകളും ഒത്തു ചേരലുകളും ഇവിടെയുമുണ്ട്...

indian Coffee house
ഒരു കോഫിക്ക് ഓർഡർ ചെയ്‌താലത് കേൾക്കാം...

By

Published : Jul 26, 2023, 7:57 PM IST

ഒരു വർഷം പിന്നിടുന്ന സ്റ്റാച്യു വാൻറോസ് ജംഗ്ഷനിലെ കോഫി ഹൗസ്

തിരുവനന്തപുരം:ഇന്ത്യൻ കോഫി ഹൗസ് എന്ന ബോർഡ് കണ്ടാല്‍ വാഹനം നിർത്തി ഒരു ചായ അല്ലെങ്കില്‍ കോഫി... കഥയും കവിതയും മുതല്‍ രാഷ്ട്രീയം വരെ ചർച്ചയാകാനൊരിടം. മലയാളിയുടെ ഭക്ഷണ മേശയ്ക്ക് പേരിട്ടാല്‍ അത് ഇന്ത്യൻ കോഫി ഹൗസ് എന്നാകും...ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ കേട്ട പേരുകളിലൊന്നാണ് കോഫി ഹൗസ്. തലമുറകൾ കൈമാറിയിട്ടും ആ രുചിയും പേരും മാറിയില്ല.

തിരുവനന്തപുരത്തിനുമുണ്ട് അങ്ങനെയൊരു ഇന്ത്യൻ കോഫി ഹൗസ് കഥ. പ്രൊഫ എം കൃഷ്ണന്‍ നായര്‍, ജി അരവിന്ദന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങി കല സാഹിത്യ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും അല്ലാത്തവരും വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരുന്ന പഴയ കോഫി ഹൗസ്. റോഡ് വികസനം വന്നപ്പോൾ അത് പിന്നീട് തിരുവനന്തപുരം നഗരത്തില്‍ സ്റ്റാച്യുവിന് സമീപം സ്പെൻസർ ജംഗ്‌ഷനിലേക്ക് മാറ്റി. രുചി തേടിയും വർത്തമാനം പറയാനും ആളുകൾ അവിടെയും ഒത്തുകൂടി.

അതിനിടെ ശുചിത്വമില്ലെന്നു ചൂണ്ടിക്കാട്ടി 2017ല്‍ ഭക്ഷ്യസുരക്ഷ സുരക്ഷ വകുപ്പ് സ്പെൻസർ ജംഗ്‌ഷനിലെ കോഫി ഹൗസ് അടച്ചു പൂട്ടിയിരുന്നു. കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടും പഴയ കെട്ടിടത്തില്‍ കോഫി ഹൗസ് പുനരാരംഭിക്കാനായില്ല.

പക്ഷേ പ്രതിസന്ധികളെ നേരിട്ട് തൊഴിലാളികൾ സൃഷ്‌ടിച്ചെടുത്ത ഇന്ത്യൻ കോഫി ഹൗസ് എന്ന പ്രസ്ഥാനത്തിന് തോല്‍ക്കാനാകില്ലല്ലോ... സ്റ്റാച്യുവിന് സമീപം വാൻറോസ് ജംഗ്‌ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. അതേ രുചി, അതേ ജീവനക്കാർ, അതേ കോഫി ഹൗസ്...പുതിയ സ്ഥലത്ത് ഒരു വർഷം പിന്നിടുമ്പോൾ കോഫി ഹൗസ് സൃഷ്‌ടിച്ച കൂട്ടായ്‌മകളും ഒത്തു ചേരലുകളും ഇവിടെയുമുണ്ട്... പുത്തൻ രുചികൾ പുതുതലമുറയുടെ നാവ് കീഴടക്കാനെത്തുമ്പോഴും ഈ ഇന്ത്യൻ കോഫി ഹൗസ് ഹൗസ് ഫുള്ളാണ്...

ഇന്ത്യൻ കോഫി ഹൗസിന്‍റെ ചരിത്രം: 1942 ൽ കോഫി ബോർഡിന്‍റെ നേതൃത്വത്തിലാണ് കോഫി ഹൗസുകൾ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങിയത്. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. അക്കാലത്ത് ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ കോഫി ബോർഡ് തീരുമാനിച്ചു. പക്ഷേ തൊഴിലാളികളുടെ നേതൃത്വത്തില്‍ 1958ല്‍ ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ച് കോഫി ഹൗസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കേരളത്തില്‍ തൃശൂർ ആസ്ഥാനമായും കണ്ണൂർ ആസ്ഥാനമായും രണ്ട് ഇന്ത്യൻ കോഫി വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണത്തിലാണ് കോഫി ഹൗസുകൾ പ്രവർത്തിക്കുന്നത്.

ഒരു രാജ്യത്തെയാകെ കോഫി കുടിക്കാനും ഒരു ചായക്കപ്പിന് മുന്നില്‍ ഒന്നിച്ചിരുന്ന് രാഷ്ട്രീയവും സാഹിത്യവും സിനിമയും ചർച്ച ചെയ്യാനും പ്രേരിപ്പിച്ച ഇന്ത്യൻ കോഫി ഹൗസ് എന്ന വലിയ പ്രസ്ഥാനത്തെ ഒരിക്കല്‍ അടച്ചുപൂട്ടാൻ തീരുമാനിച്ചിടത്തു നിന്നാണ് ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയെടുത്തത്. അതിന് പിന്നില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ സമരപോരാട്ടത്തിന്‍റെ, വർഗ സമരങ്ങളുടെ കൂടി കഥയുണ്ട്.

ABOUT THE AUTHOR

...view details