തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ അന്വേഷണം പൂർത്തിയാകുമ്പോൾ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണത്തില്‍ സിപിഎമ്മിന് ആശങ്കയില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ടെന്ന കെപിസിസി അധ്യക്ഷന്‍റെ വാദം വിഡ്ഢിത്തമാണ്. സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി പറഞ്ഞു.
സംസ്ഥാന വികസനത്തെ തകർക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും ശ്രമം. കോൺഗ്രസിൽ നിന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്. ആർഎസ്എസുമായി നേരത്തെയുള്ള ഒത്തുകളി ഇപ്പോൾ ശക്തിപ്പെട്ടെന്നും ഇത് ഭാവി ലക്ഷ്യം വച്ചുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.
വിവാദങ്ങൾ ഭയന്ന് വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് ആഗസ്റ്റ് 23ന് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ച് സത്യഗ്രഹം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകരുടെ വീടുകളിലും പാർട്ടി ഓഫീസുകളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തില്‍ സിപിഎമ്മിന് ആശങ്കയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി ശിലയിട്ടത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ഭരണകൂടവും മതവും ഒന്നിച്ച് ചേർന്നത് ആപത്കരമായ അവസ്ഥയാണ്. കോൺഗ്രസ് ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് നെഹ്റു ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിന് വിരുദ്ധമാണ്. ഹിന്ദു വർഗീയത ശക്തമായി ഉയർന്നു വരുമ്പോൾ ഒപ്പം ചേർന്ന് മുതലെടുക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.