തിരുവനന്തപുരം:സ്വർണക്കടത്ത് കേസില്‍ ആരോപണവിധേയനായ എം.ശിവശങ്കറിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്യാൻ സർക്കാർ തലത്തില്‍ ധാരണ. സർവീസ് ചട്ടലംഘനം, ജാഗ്രത കുറവ്, സ്വപ്‌നയുമായുള്ള ബന്ധം എന്നിവ ചൂണ്ടിക്കാട്ടിയാകും നടപടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ സമിതിയോട് അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമിതി ഇന്ന് കൈമാറിയേക്കും.
ഇനി സസ്‌പെൻഷൻ: ശിവശങ്കറിന് എതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് - chief secretary viswas metha investigation news
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിഷയതത്തില്‍ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ സമിതിയാണ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടില്‍ ശിവശങ്കറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി പരാമർശമുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ചർച്ച നടത്തി. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സിപിഎമ്മിലും ധാരണയായിട്ടുണ്ട്. സിവിൽ സർവീസ് ചട്ടങ്ങളിൽ ശിവശങ്കർ ഗുരുതര വീഴ്ച വരുത്തി, ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ ശിവശങ്കറിന് സാധിച്ചില്ല, വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച സ്വപ്നയ്ക്ക് നിയമനം നൽകി, സ്വർണക്കടത്ത് അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘവുമായി ബന്ധം പുലർത്തി തുടങ്ങിയവയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടില്‍ ശിവശങ്കറിന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെന്നാണ് സൂചന. ഉച്ചയ്ക്ക് മുമ്പ് തന്നെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. വൈകുന്നേരത്തോടെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങാനും സാധ്യതയുണ്ട്.