തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ എൻഐഎ പരിശോധന നടത്തി. ഐടി വകുപ്പിന് കീഴിലെ കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിലാണ് എൻഐഎ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫെലിസിറ്റി സ്‌ക്വയറിലെ ഏഴാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിലെ പ്രോജക്‌ട് മാനേജരായാണ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ നിയമിച്ചത്. ഈ സ്ഥാപനത്തിന്‍റെ ചെയർമാൻ ശിവശങ്കറായിരുന്നു. കേസിൽ ആദ്യമായാണ് എൻഐഎ സംഘം ഒരു സർക്കാർ ഓഫീസിൽ പരിശോധന നടത്തുന്നത്.
സ്വപ്ന സുരേഷ് ജോലി ചെയ്‌ത സ്ഥാപനത്തില്‍ പരിശോധന - gold smuggling case
ഐടി വകുപ്പിന് കീഴിലെ കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിലാണ് പരിശോധന നടന്നത്.
ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന മൂന്നരയ്ക്കാണ് അവസാനിച്ചത്. പരിശോധന സംഘം കെഎസ്ഐടിഐഎൽ മാനേജിങ് ഡയറക്ടർ ഡോ. സി ജയശങ്കർ പ്രസാദിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്വപ്നയുടെ നിയമനം സംബന്ധിച്ചും ഓഫീസിലെ സ്വപ്നയുടെ സന്ദർശകരെ കുറിച്ചും എൻഐഎ നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.
കഴിഞ്ഞ നാല് ദിവസമായി കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയ എൻഐഎ സംഘം ഇവരുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ ചെയർമാനായിരുന്ന സ്ഥാപനത്തിൽ നടന്ന റെയ്ഡ് എൻഐഎ അന്വേഷണം കടുപ്പിക്കുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.