തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 18 ആക്‌ടീവ് ക്ലസ്‌റ്ററുകളാണ് തലസ്ഥാന ജില്ലയിലുള്ളത്. കോളജുകളും സ്വകാര്യ ആശുപത്രികളും കേന്ദ്രീകരിച്ച് ക്ലസ്‌റ്ററുകള്‍ രൂപപ്പെടുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.
കോളജുകള്‍ കേന്ദ്രീകരിച്ചും വ്യാപനം രൂക്ഷമാണ്. 12 കോളജുകളിലായി 339 വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലും ഫാര്‍മസി കോളജിലും അതിതീവ്രമായ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്.
എഞ്ചിനീയറിങ് കോളജില്‍ 84 വിദ്യാര്‍ഥികള്‍ക്കും ഫാര്‍മസി കോളജില്‍ 71 വിദ്യാര്‍ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3 സ്വകാര്യ ആശുപത്രികളിലാണ് കൊവിഡ് ക്ലസ്‌റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത്കൂടാതെ ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലും കൊവിഡ് ക്ലസ്‌റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്.
ALSO READ:പലതും തട്ടിക്കൂട്ട് കമ്പനികള്‍, കോടികള്‍ മറിഞ്ഞത് എങ്ങോട്ട് ? ; മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ക്രമക്കേടില്‍ അന്വേഷണം
ജില്ലയിലെ 18 ആക്‌ടീവ് ക്ലസ്‌റ്ററുകളില്‍ 7 ക്ലസ്‌റ്ററുകളില്‍ മാത്രമാണ് രോഗ വ്യാപനം ചെറിയ രീതിയിലെങ്കിലും നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുള്ളത്. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. 3498 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ കൊവിഡ് ബാധിച്ചത്.
11682 ആക്‌ടീവ് കേസുകളാണ് ജില്ലയില്‍ നിലവിലുള്ളത്. കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമായ നിലയിലേക്കാണ് ജില്ലയിലെ കാര്യങ്ങള്‍ നീങ്ങുന്നത്. കൊവിഡ് പരിശോധനകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനാണ് ജില്ലാ ആരോഗ്യ വകുപ്പിന്‍റെ ശ്രമം.
വിദ്യാര്‍ത്ഥികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായതിനാല്‍ വീടുകളിലേക്ക് രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോകന യോഗം പരിശോധിക്കും.