ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - ശാസ്‌തമംഗലം
222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.
തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധന തുടരുന്നു. രോഗം സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്. പുന്തൂറ, പുല്ലുവിള, അഞ്ചുതെങ്ങ് തുടങ്ങിയ തീരമേഖലകൾക്ക് പുറമെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയാണ്. നഗരത്തിൽ പേരൂർക്കട, വട്ടിയൂർക്കാവ്, വഞ്ചിയൂർ, ശാസ്‌തമംഗലം, കാലടി, ദേവസ്വം ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിലും രോഗബാധയുണ്ടായി. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ വർധന വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേ സമയം രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഫസ്റ്റ് ലൈൻ സെന്‍ററുകൾ ഒരുക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ജില്ലയിൽ ഇന്ന് മാത്രം രോഗലക്ഷണങ്ങളുമായി 200 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2006 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 1506 വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.