തിരുവനന്തപുരം: കക്കൂസ് മാലിന്യം വഴിയിൽ തള്ളിയ ഓട്ടോറിക്ഷ തിരുവനന്തപുരം നഗരസഭ ഭരണസമിതി ഇടപെട്ട് വിട്ടു നൽകി. കഴിഞ്ഞ മാസം ഓഗസ്റ്റ് 27 നായിരുന്നു കക്കൂസ് മാലിന്യം റോഡരികിൽ തള്ളുന്നതിനിടെ ഓട്ടോറിക്ഷ പിടിയിലാകുന്നത്. അനധികൃത മാലിന്യ നിക്ഷേപം പിടികൂടാൻ നിയോഗിച്ച രാത്രികാല സംഘമായിരുന്നു പുലർച്ചെ ചാക്ക ദേശീയ പാതയുടെ ഭാഗത്ത് കക്കൂസ് മാലിന്യം ഉൾപ്പെടെ വഴിയരികിൽ തള്ളുകയായിരുന്ന വാഹനം പിടികൂടുന്നത്.
വാഹനം പിടികൂടി ഹെൽത്ത് ഇൻസ്‌പെക്‌ടറെയും തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ (health inspector), ഹെൽത്ത് ഓഫിസർക്കും വാഹനം കൈമാറി. സംഭവത്തിൽ പിടികൂടിയ ഓട്ടോറിക്ഷയുടമ നിർധനനാണെന്നും നിത്യവൃത്തിക്ക് വേറെ വഴി ഇല്ലാത്തതിനാൽ വാഹനം വിട്ടു നൽകണമെന്നും ഹെൽത്ത് ഓഫിസറോട് ഭരണസമിതിയിലെ ആരോഗ്യ വിഭാഗം സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധി പ്രകാരം മാലിന്യം വഴിയിൽ തള്ളിയാൽ പിടികൂടുന്ന വാഹനം കോടതിയുടെ അനുമതി ലഭിക്കാതെ മടക്കി നൽകാൻ പാടില്ല. (Trivandrum Municipal Commission Released Waste Dumb Autorickshaw Without Court Permission)
ഇതു കൂടാതെ പൊതു സ്‌ഥലത്ത് മാലിന്യം തള്ളുന്നവരിൽ നിന്നു മുനിസിപ്പൽ ആക്‌ടിനു പുറമെ ജലനിയമ വ്യവസ്ഥകളും ഉൾപ്പെടുത്തി പിഴ ഈടാക്കണമെന്നും നിർദേശമുണ്ട്. ചട്ടങ്ങൾ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം തുടർ നടപടികൾക്കായി കലക്‌ടറേറ്റിന് റിപ്പോർട്ട് നൽകിയെന്ന് ഹെൽത്ത് ഓഫിസർ ഭരണ സമിതി അംഗങ്ങൾക്ക് മറുപടി നൽകി. എന്നാൽ ഹെൽത്ത് ഓഫിസറെ ഭരണസമിതി അംഗങ്ങൾ വിളിച്ചു വരുത്തി അധിക്ഷേപിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തി ഭരണസമിതി വാഹനം ഇപ്പോൾ ഉടമയെ തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ പിഴയും ഈടാക്കിയിട്ടില്ല. സംഭവത്തിൽ പിഴ ഈടാക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നൽകുന്ന വിശദീകരണം.