തിരുവനന്തപുരം:കത്ത് വിവാദത്തില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം ഭരണ സമിതിക്ക് ഇന്ന് അഗ്നിപരീക്ഷ. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യപ്രകാരം ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗം സംഘര്‍ഷ ഭരിതമാകുമെന്നുറപ്പായി. ഇതിനിടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് രംഗത്തു വന്നു.
'ഡെപ്യൂട്ടി മേയറെ അധ്യക്ഷനാകണം': കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ പദവി വഹിക്കുന്നതില്‍ നിന്ന് ആരോപണ വിധേയയായ മേയറെ മാറ്റി നിര്‍ത്തി പകരം ഡെപ്യൂട്ടി മേയറെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവ് പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കി. ഈ മാസം 21ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ 35 കൗണ്‍സിലര്‍മാരാണ് കത്ത് നല്‍കിയത്.