കേരളം

kerala

ETV Bharat / state

കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്ര; 'ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റു'മായി തിരുവനന്തപുരം സിറ്റി പൊലീസ് - കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്ര

സുരക്ഷിതമായ കാൽനടയാത്ര ഒരുക്കുന്നതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ഡ്രൈവിനാണ് തിരുവനന്തപുരം സിറ്റി പൊലീസ് തുടക്കമിട്ടത്

operation white carpet  ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റ്  കാൽനട യാത്രക്കാർക്കായി പുതിയ പദ്ധതി  സിറ്റി പൊലീസ് കമ്മീഷണര്‍  സുരക്ഷിത യാത്രക്കായി ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റ്  തിരുവനന്തപുരം സിറ്റി പൊലീസ്  കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്ര  Trivandrum City police operation white carpet
ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റുമായി തിരുവനന്തപുരം സിറ്റി പൊലീസ്

By

Published : Jan 31, 2023, 11:56 AM IST

തിരുവനന്തപുരം:നഗരത്തിലെ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്കായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ 'ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റ്' പദ്ധതി. ഇതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ഡ്രൈവിന് തുടക്കമിട്ടതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുക, ഫുട്‌പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുക, കാല്‍നട യാത്രക്കാർക്ക് വാഹനങ്ങള്‍ ഇടിച്ച് പരിക്കേൽക്കാതിരിക്കുക തുടങ്ങിയവയാണ് ഈ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിലെത്തുന്ന വിദ്യാര്‍ഥികൾ, ഉദ്യോഗസ്ഥർ, ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാർ സന്ദര്‍ശകർ തുടങ്ങി വലിയ വിഭാഗം കാൽനട യാത്രക്കാർക്ക് വേണ്ടിയാണ് ഈ ഡ്രൈവ് നടത്തുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്‌തമാക്കി. എവിടെയൊക്കെ റോഡുകൾ ഉണ്ടോ അവിടെയൊക്കെ കാൽനട യാത്രക്കാർക്ക് നടപ്പാതയും ഉറപ്പുവരുത്തും. ഇതിലൂടെ ഇവർ റോഡുകളിലൂടെ നടക്കുന്നില്ല എന്നും ഉറപ്പുവരുത്തും.

കയ്യേറ്റം ഒഴിപ്പിക്കും: സീബ്രാക്രോസിംഗിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തുന്നതിലൂടെ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി അപകട രഹിതമായ റോഡ് യാത്ര ഉറപ്പുവരുത്താനാകും. ഇതിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഫുട്‌പാത്തിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി അത്തരം ആളുകളെ ബോധവത്‌കരണം നടത്തി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നതാണ് ആദ്യ നടപടി.

റോഡുകളിൽ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും കാഴ്‌ചയെ മറയ്‌ക്കുന്നതും അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ കൊടി തോരണങ്ങളും ബാനറുകളും കണ്ടെത്തി അവ നീക്കം ചെയ്യാൻ നിർദേശം നൽകുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. നിർദേശം അനുസരിക്കാത്തവർക്ക് നോട്ടിസ് നല്‍കി അത്തരം തടസങ്ങളെ ഒഴിവാക്കും.

ഇത് സംബന്ധിച്ചുള്ള കേരള ഹൈക്കോടതി ഉത്തരവുകള്‍ പ്രകാരം നിയമലംഘനം നടത്തുന്നവർക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഫുട്‌പാത്തിലെ പല സ്ഥലങ്ങളിലും പല രീതിയിലുള്ള ഉയരത്തിലാണ് നടപ്പാത സ്ഥിതി ചെയ്യുന്നത്. കൂടാതെ ചില സ്ഥലങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നുള്ള ഓട ഇടിഞ്ഞു പൊളിഞ്ഞും കൈവരി ഇല്ലാതെയും അപകടാവസ്ഥയില്‍ കിടക്കുന്നുണ്ട്.

അത്തരം കയറ്റിറക്കങ്ങളും അപകടങ്ങളെയും മാറ്റുകയും റോഡ് അടയാളങ്ങള്‍ മറയ്‌ക്കുന്നതും അപകടകരമായ രീതിയില്‍ നില്‍ക്കുന്നതും ആയ മരച്ചില്ലകളും മരങ്ങളും സോഷ്യല്‍ ഫോറസ്റ്ററി വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ച് മുറിച്ചു മാറ്റും. നടപ്പാത സൗകര്യപ്രദമാക്കുകയും റോഡടയാളങ്ങളും ചിഹ്നങ്ങളും റോഡ് ഫണ്ട് അതോറിറ്റിയുമായും പിഡബ്ല്യുഡിയുമായും തിരുവനന്തപുരം കോര്‍പ്പറേഷനുമായും സഹകരിച്ച് അടിയന്തരമായി പുനസ്ഥാപിക്കുകയും ചെയ്യും.

വാഹനം ഓടിക്കാനുള്ളതല്ല ഫുട്‌പാത്ത്: ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപ്പാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിങ്‌ ലൈസൻസും വാഹനത്തിന്‍റെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

കാൽനട യാത്രക്കാർ തോന്നിയ പോലെ റോഡ് മുറിച്ച് കടക്കാതെ സീബ്രാ ക്രോസിംഗിലൂടെ മാത്രം കാത്തുനിന്ന് റോഡ് മറികടക്കുന്നതിനും, ഫുട്‌ഓവർ ബ്രിഡ്‌ജ് ഉള്ള സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കുന്നതിന് അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ കാൽനട യാത്രക്കാരുടെ നിർദേശങ്ങളും പരാതികളും തിരുവനന്തപുരം ട്രാഫിക് ഐ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 9497930005 എന്ന നമ്പറിൽ അറിയിക്കാവുന്നതാണെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

ABOUT THE AUTHOR

...view details