തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിന് എതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരാനും യുഡിഎഫ് തീരുമാനിച്ചു.
സർക്കാരിനെതിരെ അവിശ്വാസപ്രമേയം: സ്വർണക്കടത്ത് കേസില്‍ സമരം ശക്തമാക്കാൻ യുഡിഎഫ് - udf against kerala government
സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സ്‌പീക്കർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു.
ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയായ സ്വപ്‌ന സുരേഷുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന് ഇതിനോടകം തെളിഞ്ഞതായി യുഡിഎഫ് ആരോപിച്ചു. സ്‌പീക്കർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരിക. തുടർ നടപടികൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് സംബന്ധിച്ച് എൻഐഎ അന്വേഷത്തിലൂടെ വ്യക്തത വരുന്നുണ്ടെന്ന് ബെന്നി ബഹനാൻ പറഞ്ഞു. കേസിലെ സർക്കാർ സമീപനം സംശയം ജനിപ്പിക്കുന്നതാണ്. സ്വപ്‌നക്ക് സംസ്ഥാനം വിടാനുള്ള അവസരം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബെന്നി ബെഹന്നാൻ ആരോപിച്ചു. ശിവശങ്കറിനെതിരെ നടപടിയെടുക്കാത്ത സർക്കാർ നടപടി അത്ഭുതപ്പെടുത്തുന്നു. ഈ വിഷയത്തിൽ പ്രതിഷേധം തുടരും. ഈ മാസം 24ന് നാല് റീജിയണിലായി യുഡിഎഫ് ജനപ്രതിനിധികൾ ധർണ സംഘടിപ്പിക്കും. ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ വാർഡിലും വെർച്വല്‍ റാലി സംഘടിപ്പിക്കും. യുഡിഎഫ് സമരങ്ങളെ കൊവിഡിന്‍റെ മറവിൽ കുറ്റപ്പെടുത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു. പ്രവർത്തനങ്ങൾ പാളിയതോടെ സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു. പരിശോധനയുടെ എണ്ണം കുറഞ്ഞെന്നും ഇത് യുഡിഎഫിന്‍റെ തലയില്‍ വച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി വരെ സമരം തുടരുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.