തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഒരാഴ്‌ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ജില്ലാ അതിർത്തികൾ അടച്ചു. ഒരു വഴി മാത്രമേ ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും സാധിക്കുകയുള്ളു. ജില്ലയ്ക്കുള്ളിൽ പൊലീസ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച്, ഒരു പ്രവേശന വഴിയും പുറത്തേക്ക് പോകാൻ ഒരു വഴിയും മാത്രമേ ഉണ്ടാകു. ഇടറോഡുകൾ അടച്ചു. പരിശോധനയും കുടുതൽ കർശനമാക്കും.
നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു
തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഒരാഴ്‌ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നത്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാൻ കഴിയു. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. റേഷൻ കടകൾ, മരുന്ന് കടകൾ, പെട്രോൾ പമ്പ് എന്നിവ തുറക്കാം. വീടുകളിലെ പത്രം, പാൽ വിതരണം എന്നിവ രാവിലെ എട്ട് മണിക്ക് മുമ്പ് പൂർത്തിയാക്കണം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. വീട്ടു ജോലിക്കാർ ഹോം നഴ്‌സ് എന്നിവർക്ക് പൊലീസ് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. അടിയന്തര ഘട്ടങ്ങളിൽ ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ എന്നിവർക്കും പൊലീസ് പാസ് വാങ്ങി യാത്ര ചെയ്യാം.