തിരുവനന്തപുരം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആരംഭിച്ചു. ജില്ലാ അതിർത്തികൾ പൂർണമായും അടച്ചു. ഒരു വഴിയിലൂടെ മാത്രമാണ് പ്രവേശനം. അതിന് പുറമെ ഓരോ പൊലീസ് സ്റ്റേഷൻ ക്ലസ്റ്ററുകളായി തിരിച്ച് ഇട റോഡുകൾ അടച്ചു. പുറത്ത് കടക്കാനും പുറത്തേക്ക് പോകാനും ഓരോ വഴികൾ മാത്രമാണ് തുറന്നിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ 20 സ്ഥലങ്ങൾ പൂർണമായും പൊലീസ് അടച്ചു. ആറ് വഴികൾ മാത്രമാണ് തുറന്നിട്ടുള്ളത്.
കഴക്കൂട്ടം വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ, വഴയില, കുണ്ടമൺകടവ്, പള്ളിച്ചൽ, വിഴിഞ്ഞം ചപ്പാത്ത് എന്നിവയാണ് നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ. കർശന പരിശോധനയാണ് ഓരോ കേന്ദ്രങ്ങളിലും പൊലീസ് നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുക്കുന്നതുൾപ്പടെയുള്ള കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവർത്തിക്കും.