തിരുവനന്തപുരം: ഉറവിടം അറിയാത്ത കൊവിഡ് രോഗികൾ തലസ്ഥാനത്ത് വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ പൂർണം. പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന കർശനമാണ്. നഗരത്തിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. ഇത്തരക്കാരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് അയക്കുമെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യ വി. ഗോപിനാഥ് പറഞ്ഞു.
തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പൂർണം
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് സർക്കാർ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോർപ്പറേഷനിലെ 100 വാർഡുകളിലാണ് ലോക്ക് ഡൗൺ.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് സർക്കാർ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോർപ്പറേഷനിലെ 100 വാർഡുകളിലാണ് ലോക്ക് ഡൗൺ. രാവിലെ ആറ് മണി മുതൽ ലോക്ക് ഡൗൺ പ്രാബാല്യത്തിൽ വന്നതോടെ പൊലീസും പരിശോധന കർശനമാക്കി. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചു. അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവരെ മാത്രമാണ് നഗരത്തിലേക്ക് കടത്തി വിട്ടത്.
അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് വൈകിട്ടോടെ സംവിധാനം തയ്യറാകുമെന്ന് ഡിസിപി അറിയിച്ചു. നഗരത്തിലും പുറത്തും അകപെട്ടു പോയവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഉച്ചവരെ സമയം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റും നഗരത്തിലെ സർക്കാർ ഓഫീസുകളും അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസിലേക്ക് മാറ്റി. ബാങ്കുകൾക്ക് കുറച്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.