തിരുവനന്തപുരം: സംസ്ഥാനത്തെ അസിസ്റ്റന്‍റ് സർജന്മാരുടെ സ്ഥലം മാറ്റം താത്‌കാലികമായി തടഞ്ഞ് ട്രിബ്യൂണൽ ഉത്തരവ്. 133 അസിസ്റ്റന്‍റ് സർജന്മാരുടെ സ്ഥലം മാറ്റമാണ് തടഞ്ഞത്. 2023 നവംബർ 22 ലെ ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവ്.
'ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ വീഴ്‌ച'; അസിസ്റ്റന്‍റ് സർജന്മാരുടെ സ്ഥലം മാറ്റം റദ്ദാക്കി ട്രിബ്യൂണല്‍ ഉത്തരവ് - latest news in kerala
Assistant surgeons Transfer:സംസ്ഥാനത്തെ അസിസ്റ്റന്‍റ് സർജന്മാരുടെ സ്ഥലം മാറ്റം റദ്ദാക്കി. 133 അസിസ്റ്റന്‍റ് സർജന്മാരുടെ സ്ഥലം മാറ്റമാണ് തടഞ്ഞത്. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ മാനദണ്ഡങ്ങള്‍ മറികടന്നുവെന്ന് ട്രിബ്യൂണല്‍.
Published : Nov 28, 2023, 7:13 PM IST
ജസ്റ്റിസ് സികെ അബ്‌ദുള്‍ റഹീം ചെയർമാനായുള്ള ബഞ്ചിന്‍റേതാണ് ഉത്തരവ്. ജനറൽ ട്രാൻസ്‌ഫർ തുടങ്ങിയ സമയത്ത് ക്യൂ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ ഡോക്‌ടർമാരുടെ പക്കൽ നിന്നും നേരിട്ട് അപേക്ഷ സ്വീകരിച്ച് ഇഷ്‌ടമുള്ള സ്ഥലങ്ങളിൽ നിയമനം നടത്തി എന്ന ഹർജിയെ തുടര്‍ന്നാണ് നടപടി.
ജനറൽ ട്രാൻസ്‌ഫർ മാനദണ്ഡങ്ങൾ മറികടക്കാനുള്ള ഡയറക്‌ടറുടെ മനഃപൂർവ്വമായ ശ്രമം ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതായി കാണുന്നുവെന്നും ഉത്തരവിൽ പറയുന്നു. മാത്രമല്ല ഡയറക്‌ടര്‍ സ്വന്തം ഇഷ്‌ടപ്രകാരം സ്ഥലമാറ്റങ്ങള്‍ നടത്തിയെന്നും സ്ഥലം മാറി ജോലിയില്‍ പ്രവേശിപ്പിച്ചവരെ തിരികെ വിളിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.