കേരളം

kerala

ETV Bharat / state

ട്രഷറി തട്ടിപ്പിലും അതിവേഗ അറസ്റ്റ്; ആശ്വാസത്തിലായി സര്‍ക്കാര്‍ - ബിജുലാൽ അറസ്റ്റ്

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സര്‍ക്കാര്‍ പ്രതികൂട്ടിലാവേണ്ട കേസായിരുന്നു ട്രഷറി തട്ടിപ്പ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്ത് ആയിരുന്നുവെങ്കില്‍ ട്രഷറി കേസില്‍ സി.പി.എം സംഘടന നേതാവായിരുന്നു പ്രതി. ഇരുകേസിലും പ്രതികളെ അതിവേഗം പിടികൂടാനായത് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നു

ബിജുലാൽ
ബിജുലാൽ

By

Published : Aug 5, 2020, 2:38 PM IST

Updated : Aug 5, 2020, 4:44 PM IST

തിരുവനന്തപുരം: ജില്ലാ കലക്‌ടറുടെ സ്‌പെഷ്യല്‍ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത് ട്രഷറി ഉദ്യോഗസ്ഥൻ ഒടുവിൽ അറസ്റ്റിലായി. തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്ന് ഒരാഴ്‌ചക്ക് ശേഷമാണ് അന്വേഷണസംഘം ട്രഷറി ഉദ്യോഗസ്ഥനെ പിടികൂടിയത്. സ്വര്‍ണക്കടത്തിന് പിന്നാലെ പുറത്തു വന്ന ട്രഷറി തട്ടിപ്പു കേസ് സംസ്ഥാന സര്‍ക്കാരിന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ട്രഷറി ഉദ്യോഗസ്ഥന്‍റെ അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റുമായ ബാലരാമപുരം പയറ്റുവിള സ്വദേശി എം.ആര്‍ ബിജുലാല്‍ ആണ് സംഭവത്തിൽ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയും ബിജുലാലിന്‍റെ ഭാര്യയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ സിമി ഒളിവിലാണ്.

സബ്ട്രഷറി ഓഫിസറായിരിക്കെ മെയ് 21ന് വിരമിച്ച വി.ഭാസ്‌കരന്‍ എന്നയാളുടെ പാസ്‌വേ‍ഡ് ഉപയോഗിച്ച് ജൂലൈ 27നാണ് തട്ടിപ്പു നടന്നത്. മെയ് 21ന് രണ്ടുമാസം മുന്‍പേ ഭാസ്‌കരന്‍ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ പാസ്‌വേ‍ഡ് ഉപയോഗിച്ച് കലക്‌ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കു ബിജുലാല്‍ മാറ്റി. ഉടനേ ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ ബിജുലാല്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ പണം കൈമാറുന്നത് രേഖപ്പെടുത്തുന്ന ഡേ-ബുക്കില്‍ വ്യത്യാസം കണ്ടെത്തി. ഇത് സാധൂകരിക്കാൻ കഴിയാത്തതിനാൽ ഡേ-ബുക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കലക്‌ടറുടെ സ്‌പെഷ്യല്‍ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ട്രഷറി ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ്‌വേ‍ഡും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മെയ് 21ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ നെയിമും പാസ്‌വേ‍ഡും റദ്ദാക്കിയിരുന്നില്ല. അങ്ങനെയാണ് തട്ടിപ്പു നടത്തിയത്. കലക്‌ടറുടെ അക്കൗണ്ടില്‍ നിന്ന് സ്വന്തം ട്രഷറി അക്കൗണ്ടിലേക്കു മാറ്റിയ രണ്ട് കോടി രൂപയില്‍ 61.23 ലക്ഷം രൂപ സ്വകാര്യ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് ബിജുലാല്‍ മാറ്റി. തുടര്‍ന്ന് ഈ തുക ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റി. തട്ടിപ്പ് കണ്ടെത്തിയതിന് ശേഷമുള്ള പരിശോധനയില്‍ ട്രഷറി സോഫ്റ്റ് വെയറിൽ ഗുരുതര പിഴവ് ഉള്ളതായി ബോധ്യപ്പെട്ടു. ട്രഷറിയില്‍ ചെക്കുകള്‍ കൈകാര്യം ചെയ്തിരുന്ന ബിജുലാല്‍ പലപ്പോഴും ഭാസ്‌കരന്‍റെ മുറിയില്‍ പോകുമായിരുന്നു. അങ്ങനെ പാസ്‌വേ‍ഡ് പഠിച്ചെടുത്ത് പലപ്പോഴായാണ് തട്ടിപ്പു നടത്തിയത്.

ജൂലൈ 30ന് തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നു. ഇതോടെ ബിജുലാല്‍ ഒളിവില്‍ പോയി. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ നേതാവാണ് ബിജുലാലെന്നും അതിനാലാണ് പിടികൂടാത്തതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സര്‍ക്കാർ വെട്ടിലായി. സംസ്ഥാനത്ത് അരങ്ങേറുന്ന പലവിധ കൊള്ളകളില്‍ ഒന്നായി ട്രഷറി തട്ടിപ്പിനെ പ്രതിപക്ഷം പരിഹസിക്കുകയും ഉത്തരവാദിത്വം ധനമന്ത്രിക്ക് നേരെ തിരിച്ചു വയ്ക്കുകയും ചെയ്തതോടെയാണ് ബിജുലാലിനെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒടുവില്‍ തട്ടിപ്പ് പുറത്തു വന്ന് ഒരാഴ്ച പൂര്‍ത്തിയാകുന്ന ദിവസം ബിജുലാല്‍ അറസ്റ്റിലാകുമ്പോള്‍ കൂടുതല്‍ ആശ്വസിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

Last Updated : Aug 5, 2020, 4:44 PM IST

ABOUT THE AUTHOR

...view details