തിരുവനന്തപുരം : 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ (Private Bus) യാത്രാ ഇളവ് അനുവദിച്ചു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) ഉത്തരവിറക്കി. നേരത്തെ, സ്വകാര്യ ബസുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിക്കാരായവര്‍ക്ക് മാത്രമായിരുന്നു ഇളവ് ലഭിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി. നേരത്തെ ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടന വേളയിലും മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.
വനിത ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം :കെഎസ്ആർടിസിയിൽ (KSRTC) വനിത ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കേരള പൊലീസിന്റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനത്തിൽ കെഎസ്ആർടിസിയിലേയും, കെഎസ്ആർടിസി സ്വിഫ്റ്റിലേയും 20 വനിത ജീവനക്കാരാണ് പങ്കെടുത്തത്.
ഘട്ടം ഘട്ടമായി മുഴുവൻ വനിത ജീവനക്കാർക്കും പരിശീലനം നൽകും. അതിരാവിലെ ഡ്യൂട്ടിക്ക് വരികയും, രാത്രി വൈകി തിരികെ പോവുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനേജ്മെന്റ് വനിത ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് തീരുമാനിച്ചത്.
സ്വിഫ്റ്റിന്റെ വളയം പിടിക്കാന്‍ വനിത ഡ്രൈവര്‍മാര്‍ :കെഎസ്ആർടിസി സ്വിഫ്റ്റിലെ വനിത ഡ്രൈവർമാരുടെ പരിശീലനം അവസാന ഘട്ടത്തിലേക്ക്. രണ്ടാഴ്ചയ്ക്കകം ഇവരുടെ പരിശീലനം പൂര്‍ത്തിയാകുമെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ നാല് പേരുടെ പരിശീലനമാണ് പുരോഗമിക്കുന്നത്.