തിരുവനന്തപുരം: ശബരിമല ദർശനത്തിന് വിദഗ്ധസമിതി നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭക്തരെ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിദിനം 6000 പേർക്കെങ്കിലും ദർശനം അനുവദിക്കണമെന്നാണ് ആവശ്യം. മണ്ഡല-മകരവിളക്ക് കാലത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി ശുപാർശ ചെയ്ത എണ്ണം ഭക്തരെ പ്രവേശിപ്പിക്കുന്നതിലൂടെ പലർക്കും ദർശനം സാധ്യമാകില്ലെന്നാണ് ദേവസ്വംബോർഡിന്‍റെ വിലയിരുത്തൽ. വിഷയം അടുത്തയാഴ്ച ചേരുന്ന വിദഗ്ധ സമിതിയിൽ ദേവസ്വം ബോർഡ് ഉന്നയിക്കും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേരെയും ശനിയും ഞായറും ദിവസങ്ങളിൽ 2000 പേർക്കും മകരവിളക്കിന് 5000 പേർക്കും പ്രവേശിപ്പിക്കാം എന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. എന്നാൽ ദർശനം ആഗ്രഹിക്കുന്നവർക്ക് അവസരം നഷ്ടമാകാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നത്. തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിൽ ദേവസ്വം ബോർഡിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സർക്കാറിനോട് നിർദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ദർശനത്തിനുള്ള ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടും.