തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി പിഎസ് പ്രശാന്തും ബോർഡ് അംഗമായി എ. അജികുമാറും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ബോർഡ് സെക്രട്ടറി എ ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. അടിയന്തര പരിഗണന ഈ മാസം 17 ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് സീസണായിരിക്കുമെന്ന് ചുമതലയേറ്റെടുത്ത ശേഷം പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ആധുനികവത്കരിക്കും. എല്ലാ സേവനങ്ങളും പരമാവധി ഡിജിറ്റലാക്കും. ഭക്തർക്ക് സമാധാനത്തോടെ പ്രാർത്ഥന പൂർത്തിയാക്കി ശാന്തമായി മടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കും. അമ്പല പരിസരങ്ങളിലെ ആയുധ പരിശീലന നിരോധനം ഇതിൻ്റെ ഭാഗമാണ്. ഹൈക്കോടതി ഉത്തരവാണ് ഇതിലേക്ക് നയിച്ചത്. അമ്പല പരിസരങ്ങൾ ആധ്യാത്മിക കേന്ദ്രങ്ങളാക്കിത്തന്നെ നിലനിർത്തും.