തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ നിലവിലെ ശമ്പള പ്രതിസന്ധിക്ക് കാരണം തൊഴിലാളി യൂണിയനുകളുടെ പിടിവാശിയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. 10-ാം തീയതി ശമ്പളം നൽകാമെന്ന ധാരണ ആദ്യം അംഗീകരിച്ച സി.ഐ.ടി.യുവും ബി.എം.എസും പിന്നീട് സമരത്തിലേക്ക് നീങ്ങുകയായിരുന്നു. ജോലി ചെയ്യാതിരുന്നപ്പോഴും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായി മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ശമ്പളം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം. യൂണിയനുകളുടെ പണിമുടക്ക് നോട്ടിസ് ലഭിച്ച ശേഷം രണ്ട് തവണ ചർച്ച നടത്തി. ശമ്പളം നൽകുന്ന തീയതി പറഞ്ഞാൽ പണിമുടക്കിൽ നിന്ന് പിന്മാറാമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു. ഈ ധാരണ ലംഘിച്ചു.
ശമ്പള പ്രതിസന്ധിക്ക് കാരണം യൂണിയനുകളുടെ പിടിവാശിയെന്ന് ആൻ്റണി രാജു നിലവിലെ പ്രതിസന്ധിയിൽ മാനേജ്മെൻ്റിനെ മാത്രം കുറ്റപ്പെടുത്തരുത്. യൂണിയനുകൾ സാഹചര്യം മനസിലാക്കി സമീപനം സ്വീകരിക്കണം. സാമ്പത്തിക പ്രതിസന്ധി കൂട്ടുന്ന സമീപനം ശരിയല്ല. ജനങ്ങളോട് യുദ്ധം ചെയ്‌ത് മാനേജ്മെൻ്റിനെ മുൾമുനയിൽ നിർത്തരുത്.
കഴിഞ്ഞ മാസം അഞ്ച് പണിമുടക്ക് നടത്തി. ഇതുമൂലം ദീർഘദൂര സർവീസുകളടക്കം മുടങ്ങി. ഇത് 15 ദിവസത്തെ വരുമാനത്തെ ബാധിക്കും. സമരത്തിന് പിന്നിൽ രാഷ്ട്രീയമാണ്. ജോലി ചെയ്‌താൽ കൂലി കൊടുക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ പ്രതികരണത്തിന് കൊവിഡ് കാലത്ത് ജോലി ചെയ്യാത്തപ്പോഴും സർക്കാർ ജീവനക്കാർക്ക് കൂലി കൊടുത്തിട്ടുണ്ടെന്ന് ആന്‍റണി രാജു മറുപടി നൽകി.
ജോലി ചെയ്‌താൽ കൂലി കൊടുക്കണമെന്നത് കാനത്തിൻ്റെ മാത്രമല്ല തൻ്റെയും അഭിപ്രായമാണ്. സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പറഞ്ഞയാളുടെ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും മന്ത്രി പറഞ്ഞു.