തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയത്തിൽ യു.ഡി.എഫിനെതിരെ ഒളിയമ്പുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. കോഴിക്കോട് ബസ് ടെർമിനൽ മറ്റൊരു പാലാരിവട്ടം പാലമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ആൻ്റണി രാജു നിയമസഭയിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണത്തിലെ അപാകത, കെട്ടിടം സ്വകാര്യ വ്യക്തിയ്ക്ക് കുറഞ്ഞ നിരക്കിൽ ലീസിനു നൽകി തുടങ്ങിയ വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി ടി.സിദ്ധിഖ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കാലത്ത് നടന്ന മറ്റൊരു അഴിമതിയാണ് പദ്ധതിയെന്നും വി.എസ് ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരായിരുന്നു പദ്ധതി സമയത്തെ ഗതാഗത മന്ത്രിമാരെന്നും ആന്‍റണി രാജു പറഞ്ഞു. ഉദ്ഘാടനം ചെയ്‌തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.