തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലെന്നും സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു. കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ചില ജീവനക്കാര്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുകയാണ്. അത്തരത്തില്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി.
കെഎസ്ആര്‍ടിസിയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ ഇരുന്നു മാത്രം യാത്ര അനുവദിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ കയറിയാല്‍ വേണ്ടെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്. പൊതു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.