തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകൾ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) പ്രവർത്തന സജ്ജമാക്കുന്നതിനായുള്ള ഉന്നതതല യോഗം ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിൽ ഇന്ന് ചേരും. ഉച്ചയ്ക്ക് 12.30 ന് ഗതാഗത മന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിന് താഴെയുള്ള കുട്ടിക്ക് മൂന്ന് പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴ ഈടാക്കണമെന്ന നിയമത്തിൽ സംസ്ഥാന സർക്കാർ ഇളവ് നൽകുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഉന്നതതല യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ സ്‌കൂൾ കുട്ടികളുടെ യാത്ര സൗകര്യങ്ങളും ചർച്ചയാകും. ഗോത്ര മേഖലകളില്‍ അടക്കമുള്ള ഗതാഗത പ്രശ്‌നങ്ങളും യോഗം ചർച്ച ചെയ്യും.
അതേസമയം എഐ കാമറ പദ്ധതിയിൽ കരാർ നൽകിയത് സംബന്ധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നാളെ വ്യവസായ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. ഏപ്രിൽ 20 നാണ് എഐ കാമറ പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. എന്നാൽ മെയ് 19 വരെ പിഴ ഈടാക്കാതെ നിയമ ലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടിസ് അയക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
Also Read:'ശരിക്കും ക്യാമറ എ ഐ തന്നെയാണോ? ഇത് കേരളം കണ്ട ഏറ്റവും വലിയ കൊള്ള'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്
എന്നാൽ പിഴ ഈടാക്കാതെ നോട്ടിസ് അയക്കുന്നതിനുള്ള ചെലവ് ആര് വഹിക്കും എന്ന കാര്യത്തിൽ കെൽട്രോണും ഗതാഗത വകുപ്പും തമ്മിൽ നിലനിന്ന തർക്കം കാരണം ഈ നീക്കം പാളുകയായിരിന്നു. നിലവിൽ മെയ് 20 ന് തന്നെ കാമറകൾ പ്രവർത്തന സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിന്‍റെ ഭാഗമായാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്.
അതേസമയം കെൽട്രോൺ എഐ കാമറ കരാർ എസ്ആർഐടി എന്ന സ്വകാര്യ കമ്പനിക്ക് നൽകിയതിലും ഈ കമ്പനി മറ്റ് കമ്പനികൾക്ക് ഉപകരാർ നൽകിയതിലും ഗുരുതര അഴിമതി ആരോപണങ്ങളാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉന്നയിച്ചത്. ഇതിനിടെ അഴിമതി ആരോപണം നേരിടുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ആർഐടി കമ്പനി വിവാദം വിശദീകരിക്കുന്നതിന് ഇന്ന് വാർത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മധു നമ്പ്യാർ ആണ് ഇക്കാര്യം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.
അതേസമയം റോഡ് നവീകരണം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗവും ഇന്ന് നടക്കും. ഈ മാസം 30 ന് മുൻപ് റോഡുകൾ ടാർ ചെയ്യുമെന്ന പ്രഖ്യാപനം നടക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
Also Read:'എഐ ക്യാമറ പദ്ധതി സർക്കാർ തോന്നിയതുപോലെ അല്ല നടപ്പാക്കിയത്'; ചെന്നിത്തലക്കും സതീശനുമുള്ള മറുപടി എണ്ണിപ്പറഞ്ഞ് എംവി ഗോവിന്ദന്‍