തിരുവനന്തപുരം: കൊവിഡ് മൂലം മുൻ വർഷങ്ങളിൽ നടത്താതിരുന്ന ട്രാൻസ്‌ജെൻഡർ കലാമേള ഒക്‌ടോബർ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഈ മാസം 14ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന വിളംബര ജാഥയോടെ 'വർണപ്പകിട്ട്' എന്ന് പേരിട്ടിരിക്കുന്ന ട്രാൻസ്‌ജെൻഡർ കലാമേളയ്‌ക്ക് തുടക്കമാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15ന് രാവിലെ പത്ത് മണിക്ക് അയ്യങ്കാളി ഹാളിൽ കലാമേളയുടെ ഉദ്‌ഘാടനം മന്ത്രി നിർവഹിക്കും.
മന്ത്രി ഡോ ആർ ബിന്ദു മാധ്യമങ്ങളെ കാണുന്നു അയ്യങ്കാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായി നാല് വേദികളിലായി വർണപ്പകിട്ട് അരങ്ങേറും. 21 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 220 മത്സരാർത്ഥികൾ കലാമേളയിൽ മാറ്റുരയ്‌ക്കും. 'നമ്മളിൽ ഞങ്ങളുമുണ്ട്' എന്ന മുദ്രാവാക്യത്തോടെയാണ് കലാമേള അരങ്ങേറുന്നത്. ട്രാൻസ്ജെൻഡർ മെൻ ട്രാൻസ്ജെൻഡർ വിമന്‍ എന്നിവർക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും.
ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്‌ക്കും ട്രാൻസ്‌ജെൻഡർ മെൻ ട്രാൻസ്‌ജെൻഡർ വിമൻ വിഭാഗങ്ങൾക്കും പ്രത്യേകം ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വ്യക്തിക്കും ജില്ലയ്‌ക്കും പ്രത്യേകം ട്രോഫികൾ നൽകും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പൊതുസമൂഹത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വർണപ്പകിട്ട്' എന്ന പേരിൽ ട്രാൻസ്‌ജെൻഡർ കലാമേള നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
അയ്യങ്കാളി ഹാളിൽ 16ന് നടക്കുന്ന സമാപന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്‌ഘാടനം ചെയ്യും. കലാമേളയുടെ ഉദ്‌ഘാടന ദിനത്തിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളെ ആദരിക്കും. സാമൂഹ്യ സേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം) സുകു (തിരുവനന്തപുരം) വിദ്യാഭ്യാസ രംഗത്ത് ഡോ. പ്രിയ വി എസ് (തൃശൂർ) ആനന്ദ് സി രാജപ്പൻ (എറണാകുളം) കലാകായിക രംഗത്ത് പ്രവീൺ നാഥ് (പാലക്കാട്) സഞ്‌ജന ചന്ദ്രൻ (കോഴിക്കോട്) സംരഭകരംഗത്ത് സീമ വിനീത് (തിരുവനന്തപുരം) വർഷ നന്ദിനി ( കോഴിക്കോട്) എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.
ജേതാക്കൾക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും നൽകി മന്ത്രി ആദരിക്കും.