തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവ് മൂലമുള്ള ദുരിതങ്ങളെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്‌തതെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയ എറണാകുളത്തെ റിനൈ മെഡിസിറ്റി ആശുപത്രിയ്‌ക്ക് ഗുരുതര വീഴ്‌ച വന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
അനന്യയുടെ സുഹൃത്തുക്കളും കുടുംബവും നല്‍കിയ പരാതിയിലാണ് ആറുമാസത്തിന് ശേഷം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ക്കാണ് അന്വേഷണ ചുമതല. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചശേഷമാണ് അനന്യ ആത്ഹത്യ ചെയ്‌തത്.
ഒരു വര്‍ഷം മുന്‍പ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
'ഡോക്‌ടറുടെ സേവനം ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല'
ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറുടെ വീഴ്‌ചയെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നതാണ് പ്രധാന ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ആരോപിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് മര്‍ദനമേറ്റിരുന്നതായി അനന്യയുടെ പിതാവ് അലക്‌സാണ്ടര്‍ ആരോപിച്ചിരുന്നു. വേദനകൊണ്ട് പിടഞ്ഞപ്പോള്‍ പോലും ഡോക്‌ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ലെന്നും കുടുംബം ആരോപിച്ചു.
ഈ വസ്‌തുതകളെല്ലാം പരിശോധിച്ച് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന പലരും ഇത്തരത്തില്‍ ചൂഷണത്തിന് വിധേയമാകുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികളും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.
ALSO READ:ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസില്‍; രണ്ടാം ദിന ചോദ്യം ചെയ്യല്‍ ആരംഭിച്ചു