തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സര്‍ക്കാര്‍ സ്ഥലം മാറ്റുന്നത് തടയാന്‍ ഗത്യന്തരമില്ലാതെയാണ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) ഐഎഎസ് അസോസിയേഷന്‍ സമീപിച്ചതെന്ന് തെളിയിക്കുന്ന കോടതി രേഖകള്‍ പുറത്ത്.
അസോസിയേഷന്‍ സെക്രട്ടറി എംജി രാജമാണിക്യം, പ്രസിഡന്‍റ് ഡോ ബി അശോക്, വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്‌ടര്‍ ജി പ്രിയങ്ക എന്നിവര്‍ ക്യാറ്റിനെ സമീപിച്ചത്, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി തലങ്ങും വിലങ്ങും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന്‍റെ വ്യക്തമായ തെളിവുകളോടെയായിരുന്നു. ഇതിലാണ് നിലവില്‍ അസോസിയേഷന്‍ അനുകൂലമായ ഉത്തരവ് സമ്പാദിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ 'കസേരയോട്ടം' : ഐഎഎസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലെ രണ്ടാം എതിര്‍കക്ഷി കൂടിയായ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ 2016 ലെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ മുതല്‍ 2023 ജൂലൈയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്നത് വരെയുള്ള ഏഴ് വര്‍ഷത്തിനിടെ ആറ് തവണ സ്ഥലം മാറ്റിയതിന്‍റെ വിശദാംശങ്ങള്‍ അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും ഇടിവി ഭാരതിന് ലഭിച്ചു.
കോടതി രേഖകളിലെ പ്രസക്‌തഭാഗങ്ങള്‍ -1 കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് ഒരു തസ്‌തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഐഎഎസ് ചട്ടത്തിന്‍റെ നഗ്നമായ ലംഘനത്തിനൊടുവിലാണ് ഡോ. വേണു ഒടുവില്‍ ചീഫ് സെക്രട്ടറി സ്ഥാനത്തെത്തിയതെന്ന് ക്യാറ്റിന് നല്‍കിയ രേഖയില്‍ ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. 2016 ജനുവരി 22 ന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് സംസ്ഥാന കേഡറില്‍ തിരിച്ചെത്തിയ വേണുവിന് പൊതുഭരണ വകുപ്പ് സെക്രട്ടറിയായി നിയമനം നല്‍കി. 2016 ജൂണില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച വേണുവിനെ സാമൂഹിക നീതി ശാക്തീകരണ വകുപ്പില്‍ സെക്രട്ടറിയായി സ്ഥലം മാറ്റി.
ഇരിപ്പുറയ്‌ക്കാത്ത കസേരകള്‍ : 2018 ഒക്‌ടോബര്‍ 26ന് അദ്ദേഹത്തെ വനം പരിസ്ഥിതി വകുപ്പിലേക്ക് മാറ്റി. മൂന്ന് മാസങ്ങള്‍ക്കുശേഷം 2019 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തെ ലാന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. 2021 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തെ വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാക്കി. 2022 ജൂണ്‍ 30 ന് ആഭ്യന്തര വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി വീണ്ടും സ്ഥലം മാറ്റം. 2022 നവംബര്‍ 23 ന് ജലവിഭവ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. 2021 ഫെബ്രുവരി 11 മുതല്‍ 2023 ഫെബ്രുവരി എട്ടുവരെ കണ്ണൂര്‍ വിമാനത്താവള എംഡിയുടെ അധിക ചുമതലയും നല്‍കി. 2023 ജൂലൈ ഒന്നിന് ചീഫ് സെക്രട്ടറിയായി.
കോടതി രേഖകളിലെ പ്രസക്‌തഭാഗങ്ങള്‍ -2 ഏഴ് വര്‍ഷത്തിനിടെ സംസ്ഥാന കേഡറിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കടന്നുപോയ അടിക്കടിയുള്ള സ്ഥലംമാറ്റങ്ങള്‍ കൃത്യമായി വിശദീകരിക്കാനായിരുന്നു ഇത്രയും കൃത്യമായ വിവരണം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വീസ് ബോര്‍ഡ് നിലവില്‍ വന്ന ശേഷം ഏഴ് വര്‍ഷത്തിനും എട്ട് മാസത്തിനുമിടയില്‍ എട്ട് സ്ഥലം മാറ്റങ്ങള്‍ നടന്നുവെന്നും ഒരു തസ്‌തികയില്‍ ശരാശരി 11.5 മാസം മാത്രമാണ് ലഭിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജിക്കാരിലൊരാളും കാര്‍ഷികോത്പാദന കമ്മിഷണറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി അശോകിന് 2016 മുതല്‍ 2023 വരെയുള്ള ഏഴ് വര്‍ഷത്തിനിടെ 15 സ്ഥലം മാറ്റങ്ങളാണ് ലഭിച്ചത്.
സ്ഥലമാറ്റങ്ങള്‍ ഇങ്ങനെ -3 അശോകിന്‍റെ സ്ഥലംമാറ്റങ്ങള്‍ ഇങ്ങനെ :
- 2016 ജനുവരി 18ന് സൈനിക് വെല്‍ഫെയര്‍ സ്‌പെഷ്യല്‍ സെക്രട്ടറി.
- 2016 ജൂണ്‍ ഒന്നിന് പെഴ്‌സണല്‍ ആന്‍ഡ് അഡ്‌മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറി.
- തൊട്ടടുത്ത ദിവസം 2016 ജൂണ്‍ രണ്ടിന് മൃഗസംരക്ഷണ-ക്ഷീര വികസന-സാംസ്‌കാരിക സെക്രട്ടറി.
- 12 ദിവസങ്ങള്‍ക്കുശേഷം, ജൂണ്‍ 15ന് ആയുഷ് സെക്രട്ടറി.
- 2016 നവംബര്‍ 14 ന് സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല (അഞ്ച് മാസവും 17 ദിവസവും).
- ആയുഷ് സെക്രട്ടറിയുടെ പൂര്‍ണ ചുമതലയില്‍ 10 മാസവും 15 ദിവസവും പിന്നിട്ടപ്പോള്‍ വീണ്ടും കസേര പോയി.
- 2017 മെയ് രണ്ടിന് സ്‌പോര്‍ട്‌സ് യുവജന ക്ഷേമ സെക്രട്ടറിയുടെ മുഴുവന്‍ ചുമതല.
- ഏഴ് മാസം പിന്നിടുമ്പോള്‍, 2017 നവംബര്‍ 30 ന് തദ്ദേശഭരണ വകുപ്പ് നഗര വിഭാഗം സെക്രട്ടറി.
- ആറ് മാസവും മൂന്ന് ദിവസവും പിന്നിട്ട്, 2018 ജൂണ്‍ 4ന് പാര്‍ലമെന്‍ററി കാര്യ, സ്‌പോര്‍ട്‌സ് യുവജനക്ഷേമ സെക്രട്ടറി.
- രണ്ട് മാസവും 10 ദിവസത്തിനും ശേഷം, ചിന്‍മയ വിശ്വ വിദ്യാപീഠം സര്‍വകലാശാലയുടെ രജിസ്ട്രാറായി ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു.
- 2019 മാര്‍ച്ച് 4ന് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി.
- 2020 ജൂലൈ ഒന്നിന് സപ്ലൈകോ സിഎംഡി.
- ഒരു മാസം കഴിഞ്ഞ് ഓഗസ്‌റ്റ് അഞ്ചിന് വീണ്ടും കസേര തെറിച്ചു.
- പിന്നെ ഒരു മാസം കഴിഞ്ഞ്, 2020 സെപ്‌റ്റംബര്‍ 22ന് റോഡ് സേഫ്‌റ്റി കമ്മിഷണര്‍.
- മൂന്ന് മാസവും 22 ദിവസങ്ങള്‍ക്കും ശേഷം, 2021 ജനുവരി 11 മുതല്‍ കെടിഡിഎഫ്‌സി എംഡി. (ഇതോടൊപ്പം 2021 ജൂലൈ 16 മുതല്‍ 2022 ജൂലൈ 18 വരെ കെഎസ്ഇബി ചെയര്‍മാന്‍)
- 2022 ഓഗസ്‌റ്റ് ഒന്ന് മുതല്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മിഷണറും.
ഇതോടെ 2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അശോകിന് ലഭിച്ചത് ഒരു തസ്‌തികയില്‍ ശരാശരി എട്ട് മാസം. മറ്റൊരു പരാതിക്കാരനായ എംജി രാജമാണിക്യത്തിന് 2014 ജനുവരി മുതല്‍ ഇതുവരെ ലഭിച്ചത് 15 സ്ഥലംമാറ്റങ്ങള്‍. ഇതോടെ അദ്ദേഹത്തിന് ഒരു പദവിയില്‍ ശരാശരി ലഭിച്ചത് ഏഴ് മാസം മാത്രം.
കോടതി രേഖകളിലെ പ്രസക്‌തഭാഗങ്ങള്‍ - 4 രേഖകളില്‍ മറ്റെന്തെല്ലാം : അതേസമയം തദ്ദേശഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഭാര്യയുമായ ശാരദ മുരളീധരന് തദ്ദേശഭരണ വകുപ്പില്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് 4.5 വര്‍ഷവും പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാലിന് അഞ്ചിലധികം വര്‍ഷവും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊത്താവത്തിന് ഏഴ് വര്‍ഷവും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്ക് മൂന്ന് വര്‍ഷവും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന് രണ്ടിലധികം വര്‍ഷവും ലഭിച്ചിട്ടുണ്ടെന്ന് ഐഎഎസ് അസോസിയേഷന്‍ തെളിവ് സഹിതം വ്യക്തമാക്കി.
Also Read: MK Stalin About Prime Ministership: 'വർഗീയതയല്ലാതെ ബിജെപിക്ക് മറ്റൊരു പ്രത്യേയശാസ്ത്രവുമില്ല'; ഇടിവി ഭാരതിനോട് മനസുതുറന്ന് എംകെ സ്‌റ്റാലിന്‍
ഇതെല്ലാം കണക്കിലെടുത്താണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വീസ് ബോര്‍ഡിന്‍റെ ശുപാര്‍ശയില്ലാതെ ഐഎഎസ് കേഡര്‍ തസ്‌തികകളില്‍ നിയമനമോ സ്ഥലംമാറ്റമോ നടത്തരുതെന്ന് ക്യാറ്റ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.