തിരുവനന്തപുരം:കെഎസ്ആർടിസി കണ്ടക്‌ടർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജീവനക്കാർ സമർപ്പിച്ച അപേക്ഷയും നിലവിലെ മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് സ്ഥലംമാറ്റത്തിന്‍റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3,863 കണ്ടക്‌ടർ വിഭാഗം ജീവനക്കാരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
കരടുപട്ടിക യൂണിറ്റ് തലത്തിൽ പ്രസിദ്ധീകരിക്കും. മാനേജ്‌മെന്‍റ് പ്രസിദ്ധീകരിച്ച പട്ടികയിൽ നിയമാനുസരണം ആക്ഷേപം ഉണ്ടായാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ജില്ല അധികാരി മുമ്പാകെ അപേക്ഷ സമർപ്പിക്കാമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. ലഭ്യമാകുന്ന അപേക്ഷകൾ നാളെ (19-05-2023) വൈകിട്ട് അഞ്ചിന് മുൻപ് ജില്ല അധികാരി, ക്ലസ്റ്റർ ഓഫിസർ, ജില്ല ഓഫിസിലെ സീനിയർ സൂപ്രണ്ട് എന്നിവർ ചേർന്ന കമ്മിറ്റി പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ലിസ്റ്റിൽ പേരുകൾ റോളിൽ ഉണ്ടെന്നും ക്രമപ്രകാരമാണെന്നും ഉറപ്പാക്കണം. 22നകം ചീഫ് ഓഫിസിൽ അറിയിക്കണമെന്നും പരാതികൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.
ആശയവിനിമയത്തിന് ആനവണ്ടി ഡോട് കോം : കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനും സ്വയം പര്യാപ്‌തതയിലേയ്ക്ക് എത്തിക്കുന്നതിനും അധികം ദൂരം ഇല്ലെന്ന് കഴിഞ്ഞ ദിവസം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. പുനസംഘടിപ്പിക്കുന്നതിലൂടേയും കൂട്ടായ പരിശ്രമത്തിലൂടേയും കെഎസ്ആർടിസിയെ സംരക്ഷിക്കും. ഇതിന്‍റെ ഭാഗമായാണ് സ്വിഫ്റ്റും നാല് ലാഭകേന്ദ്രങ്ങളും പുതിയ പദ്ധതികളും വിഭാവനം ചെയ്‌തിരിക്കുന്നതെന്നും കെഎസ്ആർടിസി പുറത്തിറക്കിയ ആനവണ്ടി ഡോട് കോം എന്ന ന്യൂസ് ലെറ്ററിലെ കവർ സ്റ്റോറിയിൽ അറിയിച്ചിട്ടുണ്ട്.