തിരുവനന്തപുരം: ഒഡിഷയിലെ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾക്കും നിയന്ത്രണം. ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ഒരു ട്രെയിൻ റദ്ദാക്കി. ഇന്ന് വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഷാലിമാർ എക്‌സ്‌പ്രസ് ട്രെയിനാണ് റദ്ദാക്കിയത്. രാജ്യത്താകെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ട്രെയിൻ സർവീസുകളെ അപകടം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗഡ്-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം, ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്‌സ്‌പ്രസ് ട്രെയിൻ സർവീസുകളാണ് വഴി തിരിച്ചുവിട്ടതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ റദ്ദാക്കിയെന്ന് അറിയിച്ച കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. 37 ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിടുകയും ചെയ്തു.