തിരുവനന്തപുരം:പൊതു നിരത്തുകളില്‍ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ കാമറകള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) വഴി പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടും ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് കണക്കുകൾ. ആദ്യ രണ്ട് ദിവസത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആദ്യ ദിനത്തെക്കാള്‍ കൂടുതലാണ് രണ്ടാം ദിനത്തിലെ കണക്കുകൾ.
ലഭ്യമാകുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് ആദ്യ രണ്ട് ദിനങ്ങളില്‍ 78,208 നിയമ ലംഘനങ്ങളാണ് ആകെ കണ്ടെത്തിയത്. ജൂണ്‍ അഞ്ച് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ജൂണ്‍ ആറ് അര്‍ധരാത്രി 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. ആദ്യ ദിനം 28891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെങ്കില്‍ രണ്ടാം ദിനം ഇത് 49,317 ആയി ഉയര്‍ന്നു. ആദ്യ ദിനം ഏറ്റവും അധികം നിയമ ലംഘനങ്ങള്‍ കൊല്ലം ജില്ലയിലാണ് കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ ഇങ്ങനെ: 4,778 നിയമ ലംഘനങ്ങളാണ് കൊല്ലം ജില്ലയില്‍ ആകെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശൂര്‍ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂര്‍ 2,437, കാസര്‍കോട് 1,040 നിയമ ലംഘനങ്ങളും കണ്ടെത്തി. ഏറ്റവും കുറവ് നിയമ ലംഘനങ്ങള്‍ മലപ്പുറം ജില്ലയിലാണ് കണ്ടെത്തിയത്.
അതേസമയം, രണ്ടാം ദിനം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. 8,454 നിയമ ലംഘനങ്ങളാണ് ജില്ലയില്‍ മാത്രം ഉണ്ടായത്. കൊല്ലം 6301, പത്തനംതിട്ട 1772, ആലപ്പുഴ 1252, കോട്ടയം 2425, ഇടുക്കി 1844, എറണാകുളം 5427, തൃശൂര്‍ 4684, പാലക്കാട് 2942, മലപ്പുറം 4212, കോഴിക്കോട് 2686, വയനാട് 1531, കണ്ണൂര്‍ 3708, കാസര്‍കോട് 2079 എന്നിങ്ങനെയായിരുന്നു രണ്ടാം ദിനമായ ഇന്നലെ എ ഐ കാമറ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ കണക്കുകള്‍.
ജൂണ്‍ അഞ്ച് തിങ്കളാഴ്‌ച രാവിലെ എട്ട് മണി മുതലാണ് എഐ കാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ആരംഭിച്ചത്. അതേസമയം, എ ഐ കാമറയുടെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലെ സെര്‍വറിലുണ്ടായ തകരാര്‍ പരിഹരിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. സെര്‍വര്‍ തരാര്‍ മൂലം ഇ-ചലാന്‍ തയാറാക്കുമ്പോള്‍ അഡ്രസില്‍ തെറ്റ് സംഭവിച്ചിരുന്നു. തകരാർ പരിഹരിച്ച് തപാല്‍ വഴി പിഴ നോട്ടീസ് അയക്കാന്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. മൂന്നാം ദിവസത്തെ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് (07.06.23) വൈകിട്ട് പ്രസിദ്ധീകരിക്കും.
കുട്ടികള്‍ യാത്ര ചെയ്യുന്നതില്‍ തല്‍കാലം പിഴ ഇല്ല:ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന 12 വയസില്‍ താഴെയുള്ള കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി തത്കാലം പിഴ ഈടാക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച കേന്ദ്ര നിയമ ഭേദഗതി വരുത്തണണെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.