തിരുവനന്തപുരം :ദേശീയപാത വികസനം ഉണ്ടായാല്‍ സില്‍വര്‍ലൈന്‍ യാത്രക്കാരുടെ എണ്ണം കുറയുമെന്ന് പഠനം. കെ-റെയില്‍ ഡിപിആറിന്‍റെ ഭാഗമായി നടത്തിയ ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി ഏതൊക്കെ മേഖലയെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നത്.
ഡിപിആറിലെ ട്രാവല്‍ ഡിമാൻഡ് ഫോര്‍കാസ്റ്റ് എന്ന ഭാഗത്താണ് ദേശീയപാത വികസനം സില്‍വര്‍ലൈനിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നത്. പാത വികസിക്കുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനാകും. അതേസമയം ടോള്‍ പ്ലാസകളിലെ തിരക്കും ചെലവും കണക്കിലെടുത്താല്‍ ആളുകള്‍ സില്‍വര്‍ ലൈനിലേക്ക് മാറിയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ALSO READ: വിമർശകർ മേയറുടെ ബ്രാൻഡ് അംബാസിഡർമാരാകുന്നു; ആര്യ രാജേന്ദ്രനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മുഹമ്മദ് റിയാസ്
കൂടാതെ നിലവിലെ റയില്‍വേ പാതകളുടെ നവീകരണവും സില്‍വര്‍ലൈനിനെ ബാധിക്കും. റയില്‍വേ പാത ഇരട്ടിപ്പിക്കുന്നതും വളവുകള്‍ നിവര്‍ത്തി ട്രയിന്‍ ഗതാഗതത്തിന്‍റെ വേഗത കൂട്ടുന്നതുമാണ് തിരിച്ചടിയാകാന്‍ സാധ്യതയുള്ളത്. ഇതുമൂലം നിലവിലെ തേര്‍ഡ് എ.സി യാത്രക്കാരെ സില്‍വര്‍ ലൈനിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ വരും. യാത്രാനിരക്ക് കൂട്ടിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം പദ്ധതിയുടെ ഗുണദോഷ സാധ്യതയാണ് പഠിച്ചതെന്നാണ് കെ. റയിലിന്‍റെ വിശദീകരണം. എന്നാല്‍ ദേശീയപാത വികസനത്തെ ചെറുക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സില്‍വര്‍ലൈന്‍ സമരസമിതിയുടെ ആക്ഷേപം.
വളരെ വേഗത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യാനാകുമെന്നതാണ് സര്‍ക്കാരും സിപിഎമ്മും സില്‍വര്‍ലൈനിന്‍റെ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ട് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം ആയുധമാക്കിയേക്കും.