പണിമുടക്കി തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്‌നലുകൾ തിരുവനന്തപുരം :നഗരത്തിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ ക്ഷമ മാത്രം പോര, അൽപം സാഹസികതയും അത്യാവശ്യമാണ്. കാരണം ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലുള്ള ട്രാഫിക് സിഗ്‌നലുകൾ മാസങ്ങളായി പണിമുടക്കിലാണ്. നഗരത്തിലെത്തിയാൽ വാഹനങ്ങൾ അശ്രദ്ധമായി തലങ്ങും വിലങ്ങും പോകുന്ന കാഴ്‌ചയാണ് കാണാനാവുക.
സ്റ്റാച്യുവിലെ മാത്രം സ്ഥിതിയല്ല ഇത്. നഗരത്തിലെ ഒട്ടുമിക്ക പ്രധാന ജംഗ്ഷനുകളിലേയും സ്ഥിതി സമാനമാണ്. സെക്രട്ടേറിയറ്റിലെ സൗത്ത് ഗേറ്റിന് മുന്നിലെ ട്രാഫിക് സിഗ്നൽ ലൈറ്റിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ പ്രസ് ക്ലബ് റോഡിൽ നിന്നും കിഴക്കേക്കോട്ടയിലേക്കും പാളയം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ നന്നേ പ്രയാസപ്പെട്ടാണ് റോഡ് മറികടക്കേണ്ടത്.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങൾ ഒരു ശ്രദ്ധയുമില്ലാതെയാണ് റോഡ് മറികടക്കുന്നത്. ഇത് മൂലമുണ്ടാകുന്ന അപകടങ്ങളും ചില്ലറയല്ല. അപകടങ്ങൾ പതിവായതോടെ ട്രാഫിക് പൊലീസാണ് ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് ജംഗ്ഷന് മുന്നിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളും കണ്ണടച്ചിട്ട് നാളേറെയായി.
സിഗ്നൽ ലൈറ്റുകൾ തകരാറിലായത് മൂലം തിരക്ക് കൂടിയ രാവിലെയും വൈകുന്നേരങ്ങളിലുമാണ് യാത്രക്കാർ വലയുന്നത്. കിഴക്കേക്കോട്ട പാളയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ പ്രസ് ക്ലബ് റോഡിൽ നിന്ന് പാളയം ഭാഗത്തേക്കും തമ്പാനൂർ കിഴക്കേക്കോട്ട ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ അപകട ഭീതിയിലാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇനിയൊരു അപകട മരണം ഉണ്ടായാലേ അധികൃതർ കണ്ണ് തുറക്കുള്ളോ എന്നാണ് യാത്രക്കാരുടെ ചോദ്യം.
സ്റ്റാച്യു ജംഗ്ഷനിലെ സിഗ്നൽ ലൈറ്റും പൂർണമായും തകരാറിലായ നിലയിലാണ്. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ കേബിളിലുണ്ടായ തകരാറോ കൺട്രോളറിലുണ്ടായ തകരാറോ ആകാം സിഗ്നൽ ലൈറ്റുകളുടെ തകരാറിന് കാരണമെന്നാണ് സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത്. തിങ്കളാഴ്‌ചയോടെ തകരാറിലായ സിഗ്നൽ ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ മെയിന്‍റനൻസ് ചുമതല കെൽട്രോണിനായിരുന്നു. എന്നാൽ 2021 മുതൽ സ്‌മാർട്ട് സിറ്റിക്കാണ് മെയിന്‍റനൻസ് ചുമതല. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ മെയിന്‍റനൻസ് നടത്തി വരികയാണെന്നും നിലവിലുള്ള ഫിക്‌സഡ് ടൈമർ സംവിധാനത്തിന് പകരം വാഹനത്തിന്‍റെ തിരക്ക് അനുസരിച്ച് സിഗ്നൽ മാറുന്ന അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം ഉടൻ ജില്ലയിലെ എല്ലാ ട്രാഫിക് സിഗ്നൽ ലൈറ്റുകളിലും സജ്ജീകരിക്കുമെന്നും സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.