തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊങ്കാല ദിനമായ നാളെ വൈകിട്ട് വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ചരക്ക്, ഹെവി വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ പൊലീസ് ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടുകളിൽ മാത്രമാണ് പാർക്ക് ചെയ്യേണ്ടത്. ക്ഷേത്ര പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
നടപ്പാതയിൽ പൊങ്കാല അടുപ്പ് പാടില്ല :അതേസമയം നടപ്പാതയിൽ പൊങ്കാല അടുപ്പ് കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അറിയിച്ചു. പൊങ്കാലയ്ക്കായി കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിനും മലിനജല നിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കും പരാതിപരിഹാരത്തിനുമായി കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
24 മണിക്കൂറും വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി സജ്ജീകരിച്ച് മുൻകൂട്ടി നിറച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ മൂന്ന് ടാങ്കുകൾ മുഴുവൻ സമയവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അസിസ്‌റ്റന്‍റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡിനെ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
സീവേജ് സംബന്ധമായി, നഗരത്തിലെ സ്വീവർ ലൈൻ നെറ്റ്‌വർക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്‌ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കി.