കേരളം

kerala

ETV Bharat / state

പിണറായി 2.0 നൂറാം ദിവസത്തിലേക്ക്, കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ - പിണറായി സർക്കാർ നൂറാം ദിവസത്തിലേക്ക്

കൊവിഡ് പ്രതിരോധത്തിലെ ലോക മാതൃക, ജനോപകാരപ്രദമായ പദ്ധതികള്‍, കിറ്റ് വിതരണം തുടങ്ങിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം വട്ടവും അധികാരത്തിലെത്തിയ സര്‍ക്കാറിന് ഇപ്പോള്‍ കൊവിഡിൽ കൈപൊള്ളുകയാണ്.

second pinarayi govt  pinarayi government  പിണറായി സർക്കാർ  പിണറായി 2.0  പിണറായി സർക്കാർ നൂറാം ദിവസത്തിലേക്ക്  Pinarayi 2.0
പിണറായി 2.0 നൂറാം ദിവസത്തിലേക്ക്, കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

By

Published : Aug 27, 2021, 9:48 AM IST

തിരുവനന്തപുരം: തുടര്‍ ഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുന്നു. കൊവിഡ് വ്യാപനവും വിവാദങ്ങളുമായി കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ നൂറ് ദിനങ്ങളും. വരാനിരിക്കുന്നത് വെല്ലുവിളികളുടേതാണെന്ന സൂചനയാണ് ലഭിക്കുന്നത്.

Also Read: 'കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ല' ; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊവിഡ് പ്രതിരോധത്തിലെ ലോക മാതൃക, ജനോപകാരപ്രദമായ പദ്ധതികള്‍, കിറ്റ് വിതരണം തുടങ്ങിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം വട്ടവും അധികാരത്തിലെത്തിയ സര്‍ക്കാറിന് ഇപ്പോള്‍ കൊവിഡിൽ കൈപൊള്ളുകയാണ്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. പ്രതിരോധത്തിലെ പാളിച്ചകള്‍ ഉയര്‍ത്തി പ്രതിപക്ഷവും ബിജെപിയും സര്‍ക്കാറിനെതിരെ ഉയര്‍ത്തുന്നത് അതിരൂക്ഷ വിമര്‍ശനമാണ്.

കര്‍മ്മ പദ്ധതികൾ

നവകേരളം എന്ന ലക്ഷ്യവുമായി വമ്പന്‍ പദ്ധതികളുമായെത്തിയ സര്‍ക്കാറിന് കൊവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക നില തകര്‍ന്നത് പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് നടപ്പാക്കിയ നൂറുദിന കര്‍മപദ്ധതികള്‍ അതേരീതിയില്‍ പിന്തുടര്‍ന്നായിരുന്നു ഇത്തവണയും തുടക്കം.

30 വകുപ്പുകളിലായി 141 പദ്ധതികളാണ് തീരുമാനിച്ചത്. എന്നാല്‍ പദ്ധതികള്‍ക്കൊന്നും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ നാല് മിഷനുകളും, പ്രളയാനന്തരം തുടങ്ങിയ കേരള പുനനിര്‍മാണവും ഒരു കുടക്കീഴിലാക്കിയാണ് പുതിയ സര്‍ക്കാരിന്‍റെ പദ്ധതിനിര്‍വഹണം.

നവകേരളം കര്‍മപദ്ധതി-2 എന്ന് പേരിട്ട് ഏകീകൃത മിഷനാക്കിയെങ്കിലും പണമില്ലാത്തതിനാല്‍ ഇവയ്‌ക്കൊന്നും കാര്യമായി ജീവന്‍ വെച്ചിട്ടില്ല. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള വിപുലമായ പദ്ധതികളും നടപ്പിലാക്കാതെ പ്രഖ്യാപനമായി അവശേഷിക്കുകയാണ്.

100 ദിനം വിവാദങ്ങളുടേയും

99 സീറ്റിന്‍റെ കരുത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിൽ മന്ത്രിമാരായി കൂടുതല്‍ പുതുമുഖങ്ങളെത്തിയത് മാതൃകയായി. എന്നാല്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടൻ വന്ന മുട്ടില്‍ മരം മുറി വിവാദം സര്‍ക്കാറിനെ വല്ലാതെ ബാധിച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ വരെ ആരോപണ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം.

നിയമസഭ കൈയാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയടക്കം വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി, കെ.എം. മാണിക്കെതിരായ സുപ്രീംകോടതി പരാമര്‍ശം, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ സി.പി.എം ബന്ധം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇതെല്ലാം സര്‍ക്കാരിനും എല്‍.ഡി.എഫിനും തലവേദനയുണ്ടാക്കി.

നോളജ് ഇക്കണോമി മിഷന്‍, കെ-റെയില്‍ എന്നിവയാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സ്വപ്‌ന പദ്ധതികള്‍. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് പരിശീലനം നല്‍കി തൊഴിലവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് നോളജ് മിഷന്‍. ഈ പദ്ധതി നടത്തിപ്പ് ഘട്ടത്തിലേക്ക് അടുക്കുകയാണ്. കെ-റെയില്‍ സംബന്ധിച്ച് ഇപ്പോഴും ആലോചനകള്‍ മാത്രമാണ് നടക്കുന്നത്.

പാർട്ടിയുടെ നീരീക്ഷണത്തില്‍

പുതിയ സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിന കര്‍മ്മ പരിപാടികളുടെ സമയ പരിധി അവസാനിക്കുന്നത് സെപ്റ്റംബര്‍ 19നാണ്. ഇതിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കടുത്ത ശ്രമത്തിലാണ് സര്‍ക്കാര്‍. ആദ്യ പിണറായി സര്‍ക്കാറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സിപിഎം നിരീക്ഷണം ഈ സര്‍ക്കാരിൽ ഉണ്ട്. നയപരവും ഭരണപരവുമായ പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന നേതാക്കളുടെ സമിതിയെ ചുമതലപ്പെടുത്തിയത് അതിന്‍റെ സൂചനയാണ്.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സര്‍ക്കാര്‍ പരിപാടികള്‍ പാര്‍ട്ടി നയത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണം.

ABOUT THE AUTHOR

...view details