കേരളം

kerala

ETV Bharat / state

വിനോദയാത്രയ്ക്ക്‌ എത്തിയ തമിഴ്‌നാട് സ്വദേശികള്‍ ആഴിമലയില്‍ കടലില്‍ മുങ്ങി മരിച്ചു

സേലം സ്വദേശിനിയായ ഡോ. രാജാത്തി, സുഹൃത്തിന്‍റെ മകള്‍ ഒമ്പതുകാരി സായി ഗോപിക എന്നിവരാണ് മരിച്ചത്. തീരത്ത് നടക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു

Tourists from Tamil Nadu drowned in Aazhimala  Aazhimala  Aazhimala sea  ആഴിമല കടലില്‍ മുങ്ങി മരിച്ചു  ആഴിമല  കടലില്‍ മുങ്ങി മരിച്ചു  സായി ഗോപിക  രാജാത്തി
തമിഴ്‌നാട് സ്വദേശികള്‍ ആഴിമല കടലില്‍ മുങ്ങി മരിച്ചു

By

Published : Apr 15, 2023, 11:43 AM IST

Updated : Apr 15, 2023, 12:35 PM IST

തിരുവനന്തപുരം : വിനോദയാത്രയ്ക്ക് എത്തിയ തമിഴ്‌നാട് സ്വദേശികള്‍ ആഴിമല കടലില്‍ മുങ്ങി മരിച്ചു. ഡോ. രാജാത്തി (44), ഇവരുടെ സുഹൃത്തിന്‍റെ മകള്‍ സായി ഗോപിക (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഡോ. രാജാത്തിയുടെയും സുഹൃത്തിന്‍റെയും കുടുംബങ്ങള്‍. സേലം സ്വദേശിയാണ് രാജാത്തി. സായി ഗോപിക തഞ്ചാവൂര്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് എത്തിയ ഇരു കുടുംബങ്ങളും ആഴിമല കരിക്കട്ടി ബീച്ച് റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്.

രാവിലെ തീരത്ത് നടക്കാനിറങ്ങിയപ്പോള്‍ രാജാത്തിയും സായി ഗോപികയും തിരയില്‍ പെടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അരുണ്‍കുമാര്‍ ആണ് രാജാത്തിയുടെ ഭര്‍ത്താവ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Also Read:ഇടുക്കിയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

വല്യപാറുക്കുട്ടി പുഴയിലെ മുങ്ങി മരണങ്ങള്‍ :ഇക്കഴിഞ്ഞയിടെ വിനോദയാത്രയ്ക്ക്‌ എത്തിയ വിദ്യാര്‍ഥി ഇടുക്കി മാങ്കുളം വല്യപാറുക്കുട്ടി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. എറണാകുളം നെട്ടൂര്‍ സ്വദേശിയായ 17കാരന്‍ അമിത് മാത്യു ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക്‌ എത്തിയതായിരുന്നു അമിത്. പുഴയില്‍ കുളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തില്‍ വീണാണ് അപകടം. ഫെബ്രുവരി മാസത്തിലാണ് അപകടം നടന്നത്.

മാര്‍ച്ചില്‍ വല്യപാറുക്കുട്ടി പുഴയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചിരുന്നു. വിനോദയാത്രയ്ക്കാ‌യി ഇടുക്കിയിലെത്തിയ അങ്കമാലി ജ്യോതിസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അധ്യാപകര്‍ ഉള്‍പ്പടെ 33 അംഗ സംഘമായിരുന്നു ജ്യോതിസ് സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്. മാങ്കുളത്തെത്തി ട്രക്കിങ്ങിനായി മൂന്ന് ജീപ്പുകളിലായി വല്യപാറുക്കുട്ടിയില്‍ എത്തുകയായിരുന്നു. പുഴയിലെ കയത്തില്‍ അഞ്ച് പേര്‍ മുങ്ങിപ്പോയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല.

മാര്‍ച്ച് മാസം തന്നെ ഇടുക്കിയില്‍ തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചിരുന്നു. കുഞ്ചിത്തണ്ണി എല്ലക്കലില്‍ കുളിക്കാന്‍ ഇറങ്ങിയ തിരുപ്പൂര്‍ സ്വദേശി അബ്‌ദുല്ലയാണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്ക് വന്നതായിരുന്നു അബ്‌ദുല്ല. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വീണായിരുന്നു അപകടം.

Also Read:ഇടുക്കി മാങ്കുളത്ത് വിനോദയാത്രക്കെത്തിയ പതിനേഴുകാരൻ പുഴയിൽ മുങ്ങി മരിച്ചു

ഏപ്രില്‍ ഒന്നിന് കണ്ണൂര്‍ ബാവലിപ്പുഴയില്‍ അച്ഛനും മകനും മുങ്ങി മരിച്ചിരുന്നു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ, മകന്‍ മൂന്ന് വയസുകാരന്‍ ലെവിന്‍ എന്നിവരാണ് മരിച്ചത്. ഇരട്ടത്തോട് ഭാഗത്ത് പുഴയിലെ താത്‌കാലിക തടയണയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തല്‍ പരിശീലിപ്പിക്കുന്നതിനിടെ മകന്‍ ചെളിയില്‍ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ലിജോയും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയില്‍ കഴിഞ്ഞമാസം ക്വാറിയില്‍ വീണ് മുത്തശ്ശിയും രണ്ട് കൊച്ചുമക്കളും മുങ്ങി മരിച്ചിരുന്നു. ആന്‍മരിയ (എട്ട്), അമേയ (നാല്) ഇവരുടെ അമ്മയുടെ അമ്മ എല്‍സമ്മ (50) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ മൂത്ത കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മുത്തശ്ശിയും സഹോദരിയും അപകടത്തില്‍പ്പെട്ടത്.

Last Updated : Apr 15, 2023, 12:35 PM IST

ABOUT THE AUTHOR

...view details