കേരളം

kerala

ETV Bharat / state

തലസ്ഥാനം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; തിരുവനന്തപുരം ആര്‍ക്ക്? - local polls 2020

ആവേശപൂര്‍ണമായ പ്രചരണം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തീപാറുന്ന പോരാട്ടമാണ്. നിലവിൽ ഭരണത്തിലുള്ള എൽഡിഎഫും കഴിഞ്ഞ വര്‍ഷത്തെ തിരിച്ചടി മറികടക്കാനായി യുഡിഎഫും ഇരുമുന്നണികളിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എണ്ണം പറഞ്ഞ സീറ്റുകള്‍ പിടിച്ചെടുത്ത ബിജെപിയും തമ്മിൽ ആവേശകരമായ മത്സരമാണ് തലസ്ഥാന കോര്‍പ്പറേഷനില്‍ നടക്കുന്നത്

tough fight in trivandrum corparation  LDF to continue, BJP to seize and UDF to show strength  തിരുവനന്തപുരം  തിരുവനന്തപുരം കോര്‍പ്പറേഷന്‍  തിരുവനന്തപുരം  തദ്ദേശ തെരഞ്ഞെടുപ്പ് 2020  തദ്ദേശ തെരഞ്ഞെടുപ്പ്  local polls 2020  local polls
നിലനിര്‍ത്താന്‍ എല്‍ഡിഎഫും, പിടിച്ചെടുക്കാന്‍ ബിജെപിയും, ശക്തികാട്ടാന്‍ യുഡിഎഫും

By

Published : Dec 15, 2020, 6:37 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാന കോര്‍പ്പറേഷനില്‍ നടക്കുന്നത് തീപാറും പോരാട്ടം. പ്രചരണത്തിലെല്ലാം ഈ ആവേശം പ്രകടമായിരുന്നു. 100 സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലെ കക്ഷി നില എല്‍ഡിഎഫിന് 42, ബിജെപിക്ക് 34, യുഡിഎഫിന് 21 എന്നിങ്ങനെയാണ്. ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ഇടതുമുന്നണി അഞ്ച് വര്‍ഷം തികച്ചു ഭരിച്ചു. അവിശ്വാസം പോലുള്ള പ്രതിപക്ഷ നീക്കങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഭരണം ഇടതുമുന്നണിക്ക് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പല കൗണ്‍സില്‍ യോഗങ്ങളും അവസാനിച്ചിരുന്നത് കൈയ്യാങ്കളിയിലായിരുന്നു. ഇത്തവണ ഇത്തരത്തിലൊരു പ്രതിസന്ധി ഭരണം ഇടത് മുന്നണി ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 35 വര്‍ഷമായി കൈയിലുളള കോര്‍പ്പറേഷന്‍ വിട്ടുകൊടുക്കുന്നത് ഇടതു മുന്നണിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ ഇടതുമുന്നണി പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. യുവാക്കളേയും പരിചയ സമ്പന്നരേയും ഒരു പോലെ ചേര്‍ത്ത് നിര്‍ത്തി തര്‍ക്കങ്ങളിലാതെ ആദ്യം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിന് ഇറങ്ങിയത് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലാണ് ഇടതു മുന്നണിക്കുള്ളത്.

സര്‍ക്കാറിന്‍റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനവും മുന്‍നിര്‍ത്തി പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് ക്ഷീണമാകുന്നത് സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളാണ്. നഗരമേഖലകളില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ വോട്ടര്‍മാരിലെ പ്രതികരണത്തില്‍ ഇടതുമുന്നണിക്ക് ആശങ്കയുണ്ട്. ഒപ്പം തന്നെ ശബരിമല വിഷയത്തില്‍ അകന്ന മധ്യവര്‍ഗത്തിന്‍റെ വോട്ട് എങ്ങോട്ട് പോകുമെന്നതിലും എല്‍ഡിഎഫിന് ആശങ്കയുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഈ പ്രതിസന്ധികള്‍ മറികടക്കാമെന്ന് തന്നെയാണ് സിപിഎം നേതൃത്വത്തിന്‍റെ അവസാന വട്ട കണക്ക് കൂട്ടല്‍.

2010ല്‍ 5 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 2015 ലെ തെരഞ്ഞെടുപ്പില്‍ നടത്തിയത് വന്‍ കുതിച്ചു ചാട്ടമായിരുന്നു. 34 സീറ്റുമായി മുഖ്യ പ്രതിപക്ഷമായി ബിജെപി മാറി. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും എണ്ണം പറഞ്ഞ സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. ഇത്തവണ ബിജെപിയുടെ ലക്ഷ്യം തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിക്കുക എന്നതു തന്നെയാണ്. ജില്ലാ പ്രസിഡന്‍റായ വി.വി രാജേഷിനെ വരെ മത്സരത്തിലിറക്കി ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തിയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സിറ്റിങ്ങ് കൗണ്‍സിലര്‍മാരെ വാര്‍ഡ് മാറ്റി മത്സരിപ്പിച്ചും യുവാക്കളെ കൂടുതലായി രംഗത്തെത്തിച്ചും ഭരണം ഉറപ്പിക്കാനാണ് ബിജെപി ശ്രമം. പതിവുപോലെ ശബരിമലയും, സര്‍ക്കാറിനെതിരായ വിവാദങ്ങളും, കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളുമാണ് പ്രചാരണത്തില്‍ ബിജെപി ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാചകവാതക വിലവര്‍ധിപ്പിച്ചതിനോടും പെട്രോള്‍ ഡീസല്‍ വിലവര്‍ധനയോടും നഗര മേഖലയിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നതില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ വര്‍ഷം വന്‍ തിരിച്ചടി നേരിട്ട യുഡിഎഫും ഇത്തവണ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബിജെപിയുടെ കുതിപ്പില്‍ കിതച്ചതിനൊപ്പം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളും വിമത ശല്യവുമെല്ലാം യുഡിഎഫിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇത്തവണ വലിയ പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. സ്ഥിരമുണ്ടാകാറുള്ള വിമത ശല്യം ഇത്തവണ കുറവുമാണ്. ഇത് ഗുണം ചെയ്യുമെന്ന വിശ്വാസമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ആരോപണങ്ങളുന്നയിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. പല വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളുടെ മികവ് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ പല വാര്‍ഡുകളിലും ചിത്രത്തിലെന്ന വിമര്‍ശനത്തിന് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് മറുപടി നല്‍കേണ്ടിവരും. നീക്കു പോക്ക് ഉണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണ സമയം തന്നെ എല്ലാ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു.

മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും യുഡിഎഫ് ചിത്രത്തിലില്ലെന്നുമെന്നായിരുന്നു ബിജെപിയുടെ ആരോപണം. ക്രോസ് വോട്ടെന്ന പതിവ് ആരോപണവും ബിജെപി ഉന്നയിച്ചിട്ടുണ്ട്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും കൈകോര്‍ക്കുന്നുവെന്ന ആരോപണം എല്‍ഡിഎഫും ഉന്നയിച്ചിട്ടുണ്ട്. 59.73 ആണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോളിങ് ശതമാനം. നഗര കേന്ദ്രത്തിലെ നാല് വാര്‍ഡുകളില്‍ 40 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. എന്നാല്‍ തീരമേഖലകളില്‍ കനത്ത പോളിങ്ങും നടന്നിട്ടുണ്ട്. അവകാശവാദങ്ങള്‍ എല്ലാവരും ഉന്നയിക്കുന്നുണ്ടെങ്കിലും കണക്കുകൂട്ടലിലെ കൃത്യത ആരും പ്രവചിക്കുന്നില്ല. മണിക്കൂറുകള്‍ക്കുളളില്‍ പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം തലസ്ഥാനം ആര് ഭരിക്കുമെന്ന്.

ABOUT THE AUTHOR

...view details