തിരുവനന്തപുരം:ടോമിൻ തച്ചങ്കരിയെ ഒഴിവാക്കി സംസ്ഥാനത്ത് പുതിയ ഡിജിപിയെ തെരഞ്ഞെടുക്കാൻ ചുരുക്ക പട്ടിക. വിജിലൻസ് ഡയറക്‌ടർ സുദേഷ് കുമാർ, ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത് എന്നിവരാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി അംഗീകരിച്ച ചുരുക്ക പട്ടികയിലുള്ളത്. പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും.
പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും
അവിഹിത സ്വത്ത് സമ്പാദന കേസ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങളാണ് തച്ചങ്കരിയെ ഒഴിവാക്കാൻ കാരണമായതെന്നാണ് സൂചന. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയാണ് നിലവിൽ തച്ചങ്കരി.
ALSO READ:സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രം ; അറിയിപ്പുമായി എംജി സർവകലാശാല
1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചുകളിൽ 30 വർഷം സർവീസ് പൂർത്തിയാക്കിയ എഡിജിപി, ഡിജിപി റാങ്കിൽപെട്ട ഒൻപത് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാനം നൽകിയത്. ഇതിൽ സീനിയോറിറ്റിയിൽ ഒന്നാമതുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺകുമാർ സിൻഹ തന്നെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രേഖാമൂലം സമിതിയെ അറിയിച്ചിരുന്നു. സീനിയോറിറ്റിയിൽ രണ്ടാം സ്ഥാനത്തുള്ള ടോമിൻ തച്ചങ്കരിയുടെ പേരും തള്ളിപ്പോയതോടെ മൂന്നു മുതൽ അഞ്ചുവരെ സ്ഥാനക്കാർ ചുരുക്ക പട്ടികയിൽ എത്തുകയായിരുന്നു.